പലവിധ രോഗങ്ങളുമായി വന്നവര്‍ മടങ്ങിയത് ആശ്വാസം നിറഞ്ഞ മുഖവുമായി; വയോധികര്‍ക്ക് സഹായകരമായി ചെറുവണ്ണൂരിലെ ആയുഷ് മെഡിക്കല്‍ ക്യാമ്പ്


ചെറുവണ്ണൂര്‍: കാല്‍മുട്ടുവേദനയും കൈമുട്ടുവേദനയും തുടങ്ങി പ്രായത്തിന്റേതായതും അല്ലാത്തതുമായ പലവിധ ബുദ്ധിമുട്ടുകളുമായെത്തിയ നിരവധി പേര്‍ക്കാണ് ചെറുവണ്ണൂരില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് സഹായമായത്. ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ മാതൃക ഹോമിയോപ്പതി ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഹോമിയോ ഡിസ്‌പെന്‍സറി യോഗ ഹാളിലായിരുന്നു ക്യാമ്പ് നനടന്നത്.

ക്യാമ്പ് രാവിലെ പത്തുമണിക്കാണ് പറഞ്ഞിരുന്നതെങ്കിലും അതിനുമുമ്പുതന്നെ ആളുകള്‍ എത്തി തുടങ്ങിയിരുന്നു. 76പേരാണ് ക്യാമ്പില്‍ വിവിധ രോഗങ്ങള്‍ക്ക് ചികിത്സതേടിയത്. ക്യാമ്പ് മാത്രമല്ല മരുന്നുകളും സൗജന്യമായിരുന്നു. തുടര്‍ ചികിത്സവേണ്ടവരോട് ഡിസ്‌പെന്‍സറിയിലെത്താനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ചെറുവണ്ണൂരിന് പുറമേ ആയഞ്ചേരി, മേപ്പയ്യൂര്‍ ഭാഗത്തുനിന്നുവരെ ആളുകള്‍ ക്യാമ്പിലേക്ക് എത്തിയിരുന്നു. ക്യാമ്പ് മാത്രമല്ല പിന്നീട് നടന്ന ക്ലാസുകളും ഏറെ പേര്‍ക്ക് പ്രയോജനപ്രദമായി.

ചെറുവണ്ണൂര്‍ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ : സിബി രവീന്ദ്രന്‍, മരുതോങ്കര എ. പി. എച്. സി മെഡിക്കല്‍ ഓഫീസര്‍ ഡോ : കെ ജഗദീശന്‍, നൊച്ചാട് എ.പി. എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ: പ്രിയേന്ദു എന്നിവര്‍ രോഗികളെ പരിശോധിച്ചു. ആവള എഫ്.എച്ച്.സി സ്റ്റാഫ് നേഴ്‌സുമാരായ രധിന കെ.സി, അമൃത.കെ എന്നിവര്‍ രക്ത പരിശോധന നടത്തി. ഡോ: പ്രിയേന്ദു വയോജനങ്ങളും ഹോമിയോപ്പതിയും എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. യോഗ ഇന്‍സ്ട്രക്ടര്‍ ഗീത യോഗ പരിശീലനം നല്‍കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.ഷിജിത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എ.കെ.ഉമ്മര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സിബി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. ആശുപത്രി ഫാര്‍മസിസ്റ്റ് ബിനി.ബി നന്ദി പ്രകാശിപ്പിച്ചു. ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ:സുകേഷ്, മരുതോങ്കര എ.പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ ജഗദീശന്‍, നൊച്ചാട് എ.പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ: പ്രിയേന്ദു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

കാവിലുംപാറ ഫാര്‍മസിസ്റ്റ് ദിവ്യ.ആര്‍.എസ്, ചെറുവണ്ണൂര്‍ ഫാര്‍മസിസ്റ്റ് ബിനി.ബി, നൊച്ചാട് എ.പി.എച്ച്.സി. അറ്റന്‍ഡര്‍ സുധില, ചെറുവണ്ണൂര്‍ അറ്റന്‍ഡര്‍ രാജേഷ്.സി, പി.ടി.എസ് ബാബു.സി.പി, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ രജിസ്‌ട്രേഷനും മരുന്ന് വിതരണവും നടത്തി. ക്യാമ്പ് രണ്ടുമണിക്ക് അവസാനിച്ചു.

Summary: AYUSH Medical Camp at Cheruvannur to help the elderly