മൂടാടി പഞ്ചായത്തില്‍ നിന്നും ഇനി കാലാവസ്ഥ വ്യതിയാനങ്ങള്‍ കണ്ടെത്താം; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷന്‍ സ്ഥാപിച്ചു


മൂടാടി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്‍ മൂടാടി പഞ്ചായത്തില്‍ സ്ഥാപിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിന്റ കെട്ടിടത്തിന്റ ഓപ്പണ്‍ ടെറസിലാണ് സ്ഥാപിച്ചത്. ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് നടപ്പാക്കുന്ന ‘ഹിറ്റ് ആക്ഷന്‍ പ്‌ളാനിന്റ’ ഭാഗമായി 3 ലക്ഷം രൂപ ചിലവഴിച്ചാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.

ഓരോ 15 മിനിറ്റിലും സിഗ്ന്നലുകള്‍ ലഭ്യമാവുകയും ഈ സംവിധാനത്തിലൂടെ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ശാസ്ത്രീയമായിമുന്‍കൂട്ടി കണ്ടത്താന്‍ കഴിയും. മഴയുടെ അളവ് – അന്തരീക്ഷ താപനില – ആര്‍ദ്രത തുടങ്ങിയ ഘടകങ്ങള്‍ തിരുവനന്തപുരത്തെ ദുരന്തനിവാരണ അതോറിറ്റിയുടെ കേന്ദ്രീകൃത സെര്‍വറിലേക്ക് എത്തുന്ന വിധത്തിലാണ് നിരീക്ഷണ കേന്ദ്രം പ്രവര്‍ത്തിക്കുക.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി സ്ഥിരം സമിതി അധ്യക്ഷരായ എം.കെ മോഹന്‍, എം.പി അഖില, വാര്‍ഡ് മെമ്പര്‍ പപ്പന്‍ മൂടാടി, സെക്രട്ടറി എം. ഗിരീഷ് അസിസ്റ്റന്റ് സെക്രട്ടറി ടി. ഗിരീഷ് കുമാര്‍ ഡോ: രജ്ഞിമ എന്നിവര്‍ സംസാരിച്ചു.