”ഈ റോഡുകളിലൂടെ എങ്ങനെയാണ് ഞങ്ങള്‍ ഓട്ടോ ഓടിക്കേണ്ടത്?” പൂക്കാട് കേന്ദ്രീകരിച്ചുള്ള റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പണിമുടക്കി ഓട്ടോ തൊഴിലാളികള്‍


പൂക്കാട്: പൂക്കാട് ഭാഗത്തെ ഓട്ടോ തൊഴിലാളികള്‍ ഇന്ന് പണിമുടക്കുന്നു. പൂക്കാട് കേന്ദ്രീകരിച്ചുള്ള റോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക് നടക്കുന്നത്.

പൂക്കാട് ഓട്ടോ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. പൂക്കാട് സ്റ്റാന്റില്‍ നിന്നുള്ള ഒരു ഓട്ടോയും ഇന്ന് സര്‍വ്വീസ് നടത്തുന്നില്ല.

പൂക്കാട് നിന്നും തുടങ്ങുന്ന കാപ്പാട്, തുവ്വപ്പാറ റോഡിന്റെ ശോചനീയാവസ്ഥയാണ് പ്രശ്‌നമെന്ന് ഓട്ടോ തൊഴിലാളികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒരുവര്‍ഷത്തോളമായി പൊട്ടിപ്പൊളിഞ്ഞ് സര്‍വ്വീസ് നടത്താനാവാത്ത സ്ഥിതിയിലാണ് ഈ റോഡ്. കോഴിക്കോട്ടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കാപ്പാട് ബീച്ചിലേക്ക് പോകാന്‍ വലിയൊരു വിഭാഗം ആളുകള്‍ ആശ്രയിക്കുന്ന റോഡിന്റെ സ്ഥിതിയാണിത്. ജലജീവന്‍ മിഷനുവേണ്ടിയുള്ള പൈപ്പിടല്‍ പ്രവൃത്തിയ്ക്കായി പലഭാഗത്തും കുഴിയെടുത്തതോടെ റോഡിന്റെ സ്ഥിതി കൂടുതല്‍ മോശമായെന്നും ഓട്ടോ തൊഴിലാളികള്‍ പറഞ്ഞു.

റോഡിന്റെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി പലതവണ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല. മഴയ്ക്കു മുമ്പേ റോഡ് നന്നാക്കിയില്ലെങ്കില്‍ മഴക്കാലത്ത് ഇതുവഴി സര്‍വ്വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാവുമെന്നും ഈ സാഹചര്യത്തിലാണ് പണിമുടക്കുമായി മുന്നോട്ടുവന്നതെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഈ ഭാഗത്തേക്ക് സര്‍വ്വീസ് നടത്തുന്നില്ലയെന്ന് തീരുമാനമെടുക്കേണ്ടിവരുമെന്നും തൊഴിലാൡകള്‍ വ്യക്തമാക്കി.