പുളിയഞ്ചേരി കുളത്തില്‍ നിന്നും മണല്‍ വില്‍പ്പന, ആയുര്‍വേദ ഡിസ്‌പെന്‍സറിയിലേക്ക് കസേര വാങ്ങിയ സംഭവം, കണ്ടിജന്റ് ജീവനക്കാര്‍ക്ക് യൂണിഫോം വാങ്ങല്‍; കൊയിലാണ്ടി നഗരസഭ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ക്രമക്കേടുകള്‍ നടത്തിയവര്‍ക്കെതിരെ നടപടി വേണം, നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മുസ്ലിം ലീഗ്


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ക്രമക്കേടുകള്‍ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് മാര്‍ച്ച്.
2018-19, 19-20, 20-21 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ആണ് ക്രമക്കേടുകള്‍ ഉണ്ടെന്നുള്ള പരാമര്‍ശം ഉണ്ടായത്. പരാമര്‍ശിക്കുന്ന ക്രമക്കേടുകള്‍ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

കൊയിലാണ്ടി നഗരസഭയില്‍ അടിമുടി അഴിമതിയാണെന്നും ലക്ഷങ്ങളുടെ അഴിമതിയാണ് നടനെന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് എന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. പുളിയഞ്ചേരി കുളത്തില്‍ നിന്നും മണല്‍ വിറ്റതിലും, ആയുര്‍വേദ ഡിസ്‌പെന്‍സറിയിലേക്ക് കസേര വാങ്ങിയതിലും, കുടുംബശ്രീ യൂണിറ്റ് തുണി സഞ്ചി നിര്‍മ്മിക്കാന്‍ തയ്യല്‍ മെഷീന്‍ വാങ്ങിയതിലും, കണ്ടിജന്റ് ജീവനക്കാര്‍ക്ക് യൂണിഫോം വാങ്ങിയതിലുമെല്ലാം വന്‍ ക്രമക്കേടാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത് എന്ന് കൂട്ടിച്ചേര്‍ത്തു.

ഓഡിറ്റ് റിപ്പോര്‍ട്ട് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വെക്കാതെ അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന നഗരസഭ ചെയര്‍പേഴ്‌സണ്‍ രാജിവെക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.

മാര്‍ച്ച് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം.നജീബ് അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഫാസില്‍ നടേരി, കെ.എസ്.ടി.യു.ജില്ലാ സെക്രട്ടറി അന്‍വ്വര്‍ ഈയ്യഞ്ചേരി, എം.എസ്.എഫ്.ജില്ലാ സെക്രട്ടറി ആസിഫ് കലാം സംസാരിച്ചു.

മാര്‍ച്ചിന് വി.എം.ബഷീര്‍, ടി.വി.ഇസ്മയില്‍, ടി.കെ.ഇബ്രാഹിം, വി.വി.ഫക്രുദ്ധീന്‍, വി.വി.നൗഫല്‍, ബാസിത്ത് മിന്നത്ത്, ഹാദിഖ്ജസാര്‍, സമദ് നടേരി, ആദില്‍, സാബിത്ത് നടേരി, ഷൗക്കത്ത് കൊയിലാണ്ടി, സലാം ഓടക്കല്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി എ.അസീസ് സ്വാഗതവും വൈസ് പ്രസിഡണ്ട് എം.അഷറഫ് നന്ദിയും പറഞ്ഞു.

summary: audit report of Koyiladi Municipality, Muslim League marched to the municipal office