നോട്ടീസ്, പിഴ, അടച്ചു പൂട്ടൽ നടപടികൾ നേരിടേണ്ടി വരും, ഭക്ഷണ പാചകത്തിലും വിതരണത്തിലും ശുചിത്വത്തിലും ശ്രദ്ധ വേണേ… കൊയിലാണ്ടിയിൽ നടപടി കർശനമാക്കി ആരോഗ്യ വകുപ്പ്


കൊയിലാണ്ടി: ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ കർശന നടപടികളുമായി കൊയിലാണ്ടി ന​ഗരസഭയും ആരോ​ഗ്യ വിഭാ​ഗവും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതുമായി സ്ഥാപനങ്ങളിൽ ആരോ​ഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിവരുന്നു. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചാൽ നോട്ടീസ് നൽകാനും പിഴ, അടച്ചു പൂട്ടൽ തുടങ്ങിയ നടപടികൾ സ്ഥാപനങ്ങൾക്ക് എതിരെ സ്വീകരിക്കുമെന്നും അധീകൃതർ മുന്നറിയിപ്പ് നൽകുന്നു.

ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുമ്പോള്‍ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച മൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാമെന്നും ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമയമാക്കി അണുബാധയ്ക്ക് കാരണമാകുന്നതെന്നും അധീകൃതർ പറയുന്നു. അതിനാൽ വൃത്തിയുള്ള സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യണം. പഴകിയതോ രാസവസ്തുക്കൾ ഉപയോ​ഗിച്ചോ പാചകം പാടില്ലെന്നും ഇവർ നിർദേശിക്കുന്നു. ഇത്തരത്തിൽ പഴകിയതോ വൃത്തിഹീനമായ സാഹചര്യത്തിലോ ഭക്ഷണം പാകം ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്താൽ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും ന​ഗരസഭാ ആരോ​ഗ്യ വിഭാ​ഗം മുന്നറിയിപ്പ് നൽകുന്നു.

ഹോട്ടൽ, റസ്റ്റോറന്റ്, കൂൾബാർ, ബേക്കറി തുടങ്ങിയ ഭക്ഷണ സാധനങ്ങളുടെ ഉത്പ്പാദനം വിൽപ്പനയും വിതണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് ലെെസൻസ് നിർബന്ധമാണെന്ന് കൊയിലാണ്ടി ന​ഗരസഭാ മുൻ ഹെൽത്ത് ഇൻസ്പെക്ടറും ക്ലീൻ സിറ്റി മാനേജറുമായ ബാബു ഇ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം, പാചകത്തിന് ഉപയോ​ഗിക്കുന്ന വെള്ളത്തിന്റെ പരിശോധന, മാലിന്യ സംസ്ക്കരണത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയ പരിശോധിച്ച ശേഷമാണ് ലെെസൻസ് അനുവദിക്കുക. ലെെസൻസില്ലാതെ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും സ്ഥാപനങ്ങൾക്കെതിരെ നടപടി സ്ഥീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവു പ്രകാരം ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്.. നിലവിൽ ഹെൽത്ത് കാർഡ് എടുക്കാത്തവർ ഫെബ്രുവരി 16 നുള്ളിൽ എടുക്കണം. സ്ഥാപനങ്ങളിൽ ആരോ​ഗ്യ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്. ജില്ലാ തലത്തിൽ സ്പെഷ്യൽ സ്കോഡും പ്രവർത്തിക്കുന്നുണ്ട്. പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ പിടിച്ചെടുത്താൽ പിഴയും അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് കൊയിലാണ്ടിയിൽ ദേശീയപാതയിൽ പ്രവർത്തിക്കുന്ന പെട്രാസ് ബേക്ക് ആൻഡ് ഡൈൻ എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ലേബൽ ഇല്ലാതെ വേവിച്ച് വീണ്ടും വിളമ്പുന്നതിന് ഫ്രീസറിൽ സൂക്ഷിച്ച അൽഫാം ചിക്കൻ പിടിച്ചെടുത്തിരുന്നു. സ്ഥാപനത്തിന് നോട്ടീസും നൽകി.

അനാരോഗ്യ ചുറ്റുപാടിൽ ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും, പഴകിയ ഭക്ഷണ സാധനങ്ങൾ വിളമ്പുന്നതും കർശനമായി തടയുമെന്ന് നഗരസഭ ഹെൽത്ത് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി അറിയിച്ചു. ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ നിയമനടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.

പാചക തൊഴിലാളികൾക്കായി കഴിഞ്ഞ ദിവസം ബോധവത്ക്കരണ ക്ലാസ് നൽകിയിരുന്നു. ഹോട്ടൽ, കൂൾബാർ, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് വരംദിവസങ്ങളിൽ ക്ലാസ് നൽകും. അതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേകമായി ക്ലാസ് സജ്ജീകരിക്കും.

Summary: attention should be paid to food preparation, distribution and hygiene Health department has tightened action in Koyilandy