മലാപ്പറമ്പില്‍ കാറില്‍ വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ച് ചന്ദനം കടത്താന്‍ ശ്രമം; 40 കിലോഗ്രാം വരുന്ന ചന്ദനമുട്ടികള്‍ പിടികൂടി


കോഴിക്കോട്: മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസ് കോമ്പൗണ്ടിന് മുന്‍വശത്ത് വെച്ച് വാട്ടര്‍ അതോറിറ്റി വാടകക്കെടുത്ത് ഓടിക്കുന്ന കാറില്‍ നിന്നും ചന്ദനമുട്ടികള്‍ പിടികൂടി. വാഹനത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ബോര്‍ഡ് വെച്ചാണ് ചന്ദനം കടത്താന്‍ ശ്രമിച്ചത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് ഇന്റലിജന്‍സ് സെല്‍, കോഴിക്കോട് ഫ്‌ലയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസറും സ്റ്റാഫും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ 40 കിലോഗ്രാം വരുന്ന ചന്ദനമുട്ടികളാണ് പിടികൂടിയത്. ഒപ്പം ഇവ കടത്താന്‍ ശ്രമിച്ച ശ്യാമപ്രസാദ് പന്തീരങ്കാവ്, നൗഫല്‍, വാഹിദ് മന്‍സില്‍, നല്ലളം, ഷാജുദ്ദീന്‍ ഒളവണ്ണ, അനില്‍. സി.ടി വെള്ളന്‍ പറമ്പില്‍ തൊടി പന്തീരങ്കാവ്, മണി പി.എം, പട്ടാമ്പുറത്ത് മീത്തല്‍ പന്തീരങ്കാവ് എന്നിവരെയും പിടികൂടി. ഇവരിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് നടത്തിയ മറ്റൊരു റെയിഡ് നടത്തിവരികയാണ്.

കോഴിക്കോട് ഫ്‌ലയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസര്‍ എ.പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.പി പ്രശാന്ത്, ആസിഫ്. എ. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ മുഹമ്മദ് അസ്ലം സി, ദേവാനന്ദ്. എം. ശ്രീനാഥ്. കെ.വി, ലുബൈബ. എന്‍. ശ്രീലേഷ് കുമാര്‍. ഇ.കെ. പ്രബീഷ്. ബി, ഫോറസ്റ്റ് ഡ്രൈവര്‍മാരായ ജിതേഷ്. പി, ജിജീഷ് ടി.കെ എന്നിവരടങ്ങിയ ഫ്‌ലയിംഗ് സ്‌ക്വാഡ് ടീമാണ് ചന്ദനവും പ്രതികളെയും പിടികൂടിയത്. തുടരന്വേഷണത്തിനും മറ്റ് നടപടികള്‍ക്കുമായി പ്രതികള്‍, തൊണ്ടിമുതല്‍, വാഹനങ്ങള്‍ എന്നിവ താമരശ്ശേരി റെയിഞ്ച് ഓഫീസര്‍ക്ക് കൈമാറി.