ദുര്‍ഗന്ധം പരന്നതോടെ നാട്ടുകാര്‍ അന്വേഷിച്ചെത്തി; വാഗാഡ് ലേബര്‍ ക്യാമ്പില്‍ നിന്നുള്ള കക്കൂസ് മാലിന്യം മൂടാടി മേഖലയിലെ വയലില്‍ തള്ളാനുള്ള ശ്രമം കയ്യോടെ പിടികൂടി


കൊയിലാണ്ടി: വഗാഡ് കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ നിന്നുള്ള കക്കൂസ് മാലിന്യം ഇരുട്ടിന്റെ മറവില്‍ പൊതുസ്ഥലത്ത് തള്ളാനുള്ള നീക്കം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. മുടാടി ഗോപാലപുരത്തിന് സമീപം ചാത്തന്‍പറമ്പത്ത് താഴെ കോഴിച്ചിറക്കലിലെ വയലിലാണ് കക്കൂസ് മാലിന്യം തള്ളാന്‍ ശ്രമിച്ചത്.

ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ദുര്‍ഗന്ധം പരന്നതോടെ നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് വാഗാഡിന്റെ ലോറിയിലെത്തിച്ച കക്കൂസ് മാലിന്യം വയലിലേക്ക് തള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ കൂടിയതോടെ വണ്ടിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു.

കൊയിലാണ്ടി ട്രാഫിക് പൊലീസ് സ്റ്റേഷന്‍ എസ്.ഐ. സ്ഥലത്തെത്തി വണ്ടി കസ്റ്റഡിയിലെടുത്തു. വാഗാഡ് കമ്പനിയ്‌ക്കെതിരെ നേരത്തെയും സമാനമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ശ്രീശൈലം കുന്നിലെ ലേബര്‍ ക്യാമ്പില്‍ നിന്നും കക്കൂസ് മാലിന്യം ആളൊഴിഞ്ഞ പ്രദേശത്ത് തള്ളുന്നത് മുമ്പും പിടിക്കപ്പെട്ടിരുന്നു.

ക്യാമ്പില്‍ സെപ്റ്റിക് ടാങ്കുകള്‍ ഫലപ്രദമായി നിര്‍മ്മിക്കാത്തത് കാരണം പ്രദേശത്തെ വീടുകളിലെ കുടിവെള്ളം മലിനപ്പെട്ടത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.