മേപ്പാടി പോളി ടെക്നിക്കിലെ സംഘർഷം: പേരാമ്പ്രയിൽ വിദ്യാർത്ഥിക്ക് നേരെ ആക്രമണം


പേരാമ്പ്ര: വാല്യക്കോട് വിദ്യാർത്ഥിക്ക് നേരെ ആക്രമണം. വാല്യക്കോട് കീരിക്കണ്ടി രമേശന്റെ മകനും മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥിയുമായ അഭിനവിനാണ് മർദ്ദനമേറ്റത്. കൈയ്ക്കും തലയ്ക്കും പരിക്കേറ്റ അഭിനവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം ഇതേ കോളേജിൽ എസ്എഫ്ഐ വനിതാ നേതാവിന് മർദ്ദനമേറ്റിരുന്നു. യുഡിഎഫ് വിദ്യാർത്ഥി സംഘടനകൾ പിന്തുണയ്ക്കുന്ന മയക്കുമരുന്ന് സംഘമാണ് ഈ ആക്രമണത്തിന് പിന്നിലെന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം. ഇതിന്റെ തുടർച്ചയായാണോ അഭിനവിന് നേരെ ആക്രമണമുണ്ടായതെന്ന് സംശയമുണ്ട്.

രണ്ട് ദിവസം മുൻപ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്നിക്ക് കോളേജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായത്. കോളേജിലെത്തിയ എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡൻറ് അപർണ ഗൗരിയെ മുപ്പതോളം വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. കോളേജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്തതിനാണ് വനിത നേതാവിനെ ക്രൂരമായി ആക്രമിച്ചതെന്നാണ് എസ്എഫ്ഐയുടെ പരാതി. വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്ന തെളിവുകളും പുറത്തുവന്നിരുന്നു. നെഞ്ചിന് ഗുരതര പരിക്കേറ്റ അപർണ ഗൗരി ചികിത്സയിൽ തുടരുകയാണ്.

Summary: Attack on student in Perambra. It is alleged that SFI is behind it