ആക്രമികളെത്തിയത് ആയുധങ്ങളുമായി, രണ്ടുപേര്‍ ബാദുഷ സുപ്പര്‍ മാര്‍ക്കറ്റില്‍ കയറി സംഘര്‍ഷം സൃഷ്ടിച്ചു; മേപ്പയൂര്‍ സ്വദേശി പിടിയില്‍


പേരാമ്പ്ര: ഹലാല്‍ ബീഫിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ ബാദുഷ സുപ്പര്‍ മാര്‍ക്കറ്റിലുണ്ടായ ആക്രണം നടത്താന്‍ ആളുകള്‍ എത്തിയത്. സംഘടിച്ച്. ഇവരില്‍ രണ്ട് പേര്‍ മാത്രമാണ് കടയില്‍ കയറിയത്. ബാക്കിയുള്ളവര്‍ ആയുധങ്ങളുമായി പുറത്ത് നില്‍ക്കുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നത്.

സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ രണ്ട് യുവാക്കള്‍ ജീവനക്കാരോട് ഹലാല്‍ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു. ഉണ്ടെന്നു പറഞ്ഞപ്പോള്‍ ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി വാക്കേറ്റത്തിലായി. തര്‍ക്കമായതോടെ ഇവരോടൊപ്പം കൂടുതല്‍പേരെത്തി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ പേരാമ്പ്ര നഗരത്തിലാണ് സംഭവം.

ആക്രമണത്തില്‍ കടയുടെ ബോര്‍ഡും മറ്റു നശിപ്പിക്കപ്പെട്ടു. ഒരു വനിത ഉള്‍പ്പെടെ നാല് ജീവനക്കാര്‍ക്കാണ് ആക്രമത്തില്‍ പരിക്കേറ്റത്. സുജിത്ത്(27), ആനന്ദ് (24), ശിബിലേഷ്(32), വിപിന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മേപ്പയ്യൂര്‍ സ്വദേശി പ്രസൂണിനെയാണ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടന്നു. ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ് എന്നിവയ്ക്കു പുറമെ വ്യാപാരി സംഘടനകളും ആക്രമണത്തില്‍ പ്രതിഷേധിച്ചു. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് ഇവര്‍ ആരോപിച്ചു. ഇത്തരം സംഭവങ്ങളിലൂടെ പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.