എ.ടി.എമ്മില്‍ നിന്നെടുത്ത പതിനായിരം കിട്ടിയില്ല; പരാതി നല്‍കിയപ്പോള്‍ 49,500 രൂപ നഷ്ടമായി- അക്കൗണ്ട് ഉടമയെ കബളിപ്പിച്ചതിങ്ങനെ


മാഹി: എ.ടി.എമ്മില്‍ നിന്നും പതിനായിരം രൂപ പിന്‍വലിച്ചത് കിട്ടിയില്ലെന്ന് പരാതിപ്പെട്ടതിനു പിന്നാലെ അക്കൗണ്ടില്‍ നിന്നും 49,500 രൂപ നഷ്ടമായതായി പരാതി. ന്യൂമാഹി സ്വദേശി കെ.എം.ബി മുനീറാണ് മാഹി പൊലീസില്‍ പരാതി നല്‍കിയത്.

ബാങ്ക് ഓഫ് ബറോഡയുടെ ന്യൂമാഹി ശാഖയിലെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് മാഹി എസ്.ബി.ഐ ശാഖയില്‍ നിന്ന് കഴിഞ്ഞ 19ാം തിയ്യതിയാണ് മുനീര്‍ പതിനായിരം രൂപ പിന്‍വലിച്ചത്. പണം കിട്ടിയില്ലെങ്കിലും അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തു.

പരാതി പരിശോധിച്ച് 24 മണിക്കൂറിനകം നഷ്ടപ്പെട്ട സംഖ്യ അക്കൗണ്ടില്‍ വരവുവെക്കുമെന്ന് മാനേജര്‍ ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ മാര്‍ച്ച് 22ന് 7064176396 എന്ന ഫോണ്‍ നമ്പറില്‍ നിന്നും മുനീറിനെ വിളിക്കുകയും ബാങ്കില്‍ പണം നഷ്ടപ്പെട്ടതായി പരാതി നല്‍കിയിരുന്നല്ലോയെന്ന് തിരക്കി ഫോണ്‍ കട്ടാക്കുകയും ചെയ്തു. ട്രൂകോളറില്‍ ബാങ്ക് ഓഫ് ബറോഡ റീഫണ്ട് ഹെല്‍പ്പ് ലൈന്‍ എന്ന പേരിലുള്ളതാണ് ഈ നമ്പര്‍.

ഉടന്‍ തന്നെ ബാങ്ക് ഓഫ് ബറോഡ കസ്റ്റമര്‍ കെയര്‍ എന്ന പേരിലുള്ള ടോള്‍ ഫ്രീ നമ്പറായ 18001024455ല്‍ നിന്ന് വിളിക്കുകയും പണം തിരിച്ചുകിട്ടാന്‍ ഒരു ഫോമിന്റെ ലിങ്ക് അയക്കുന്നുണ്ടെന്നും അത് പൂരിപ്പിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടത് അനുസരിച്ച് അക്കൗണ്ട് നമ്പര്‍ നഷ്ടപ്പെട്ട സംഖ്യ എന്നിവ നല്‍കി. ഇതിനു പിന്നാലെയാണ് മുനീറിന്റെ അക്കൗണ്ടില്‍ നിന്ന് 49,500 രൂപ നഷ്ടമായത്.

കബളിപ്പിക്കപ്പെട്ട വിവരം ഉടന്‍ ബാങ്കിനെ അറിയിക്കുകയും അക്കൗണ്ട് മരവിപ്പിക്കുകയും എ.ടി.എം ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.