”അനര്‍ഹമായതെന്തോ കയ്യില്‍ കിട്ടിയ പ്രതീതി, ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചപ്പോള്‍ ആശ്വാസം….” റോഡരികില്‍ നിന്നും കിട്ടിയ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്‌സ് കൊയിലാണ്ടി സ്വദേശിയായ ഉടമയ്ക്ക് തിരിച്ചേല്‍പ്പിച്ച് അത്തോളിക്കാരന്‍
കൊയിലാണ്ടി: നഷ്ടപ്പെട്ടുവെന്ന് കരുതിയ പേഴ്‌സ് തിരിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് കൊയിലാണ്ടി സില്‍ക്ക് ബസാര്‍ പീടികക്കണ്ടി വിനൂപും കുടുംബവും. അതിലേറെ സന്തോഷത്തിലാണ് ആ പേഴ്‌സ് കളഞ്ഞുകിട്ടിയ അത്തോളി പറമ്പത്ത് പാവയില്‍ ചീര്‍പ്പ് സ്വദേശി ആമു.
പരിസരത്തൊക്കെ നോക്കിയെങ്കിലും ആരെയും കണ്ടില്ല. അതോടെ പേഴ്‌സുമായി സഹോദരിയുടെ വീട്ടിലേക്ക് പോയി. അവിടെയുണ്ടായിരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞു. പ്രദേശത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയൊക്കെ വിവരം അറിയിച്ചെങ്കിലും ഉടമയെ കണ്ടെത്താനായില്ല. തിരിച്ച് പറമ്പത്തെ വീട്ടിലെത്തിയപ്പോഴും ആകെ വിഷമത്തിലായിരുന്നു. പേഴ്‌സില്‍ ആധാര്‍കാര്‍ഡ്, ലൈസന്‍സ്, പാന്‍കാര്‍ഡ് പോലുള്ള രേഖകളുണ്ടായിരുന്നു. കുറച്ച് പണവും. രേഖകളില്‍ നിന്നും ഉടമ കൊയിലാണ്ടി സ്വദേശിയാണെന്ന് മനസിലായി. ആളുടെ നമ്പര്‍ എടുക്കാന്‍ കൊയിലാണ്ടിയിലുള്ള ചിലരുമായി ബന്ധപ്പെട്ടെങ്കിലും അതും നടന്നില്ല.
ഞായറാഴ്ച വൈകുന്നേരത്തോടെ കൊച്ചുമകള്‍ പേഴ്‌സ് തുറന്ന് പരിശോധിച്ചപ്പോള്‍ അതില്‍ നിന്ന് കിട്ടിയ ജനന സര്‍ട്ടിഫിക്കറ്റിന്റെ പകുതി ഭാഗമാണ് ഉടമയെ കണ്ടെത്താന്‍ സഹായകരമായതെന്ന് ആമു പറയുന്നു. ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ നിന്നുള്ളതായിരുന്നു. അതില്‍ പറഞ്ഞ ജനനതീയ്യതി പറഞ്ഞ് ആളുടെ ഫോണ്‍ നമ്പര്‍ ശേഖരിക്കാന്‍ ബേബിയിലേക്ക് വിളിച്ചു. പക്ഷേ അന്നേദിവസം ഒരുപാട് പേര്‍ പ്രസവിച്ചിട്ടുണ്ടെന്നും ഈ വിവരം മാത്രം ലഭിച്ചാല്‍ നമ്പര്‍ തരാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍ പറഞ്ഞതോടെ ലൈസന്‍സിലുള്ള വിലാസവും പേരും പറഞ്ഞുകൊടുത്തു. അതോടെ അവിടെ നിന്നും നമ്പര്‍ കിട്ടി. ഞായറാഴ്ച രാത്രിയോടെ കൊയിലാണ്ടിയിലെ വിനൂപിനെ വിളിച്ച് വിവരം അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ ആമുവിന്റെ വീട്ടിലെത്തി വിനൂപ് പേഴ്‌സ് കൈപ്പറ്റി. ഒരുരൂപപോലും കുറയാതെ ഒരു പേപ്പര്‍ പോലും നഷ്ടപ്പെടുത്താതെ ആമു പേഴ്‌സ് വീട്ടില്‍ സൂക്ഷിച്ചുവെച്ചിരുന്നെന്ന് വിനൂപ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ശനിയാഴ്ച രാത്രി ഇതുവഴി പോയപ്പോള്‍ പള്ളിക്കണ്ടി ഭാഗത്ത് മൂത്രമൊഴിക്കാനായി വാഹനം നിര്‍ത്തി പുറത്തിറങ്ങിയിരുന്നു. ഈ സമയത്താവാം പേഴ്‌സ് നഷ്ടപ്പെട്ടത്. എട്ടായിരത്തോളം രൂപയും രേഖകളുമാണുണ്ടായിരുന്നത്. പിറ്റേന്ന് രാവിലെയാണ് പേഴ്‌സ് നഷ്ടപ്പെട്ടത് മനസിലായത്. ഉടനെ ബീച്ച് ഭാഗത്തേക്ക് വന്ന് പരിശോധിച്ചെങ്കിലും കണ്ടില്ല. ഇനിയത് തിരിച്ച് കിട്ടില്ലയെന്നുതന്നെ കരുതിയിരുന്നപ്പോഴാണ് ആമുവിന്റെ വിളിയെത്തിയതെന്നും വിനൂപ് പറഞ്ഞു.
ആമുവിനും കുടുംബത്തിനും നന്ദിയറിയിച്ചാണ് വിനൂപ് മടങ്ങിയത്. ആമുവിനെപ്പോലുള്ള മനുഷ്യര്‍ വലിയ പ്രതീക്ഷയാണെന്നും വിനൂപ് പറഞ്ഞു.