ലൈവ് ചിത്രരചന, ചര്‍ച്ചകള്‍, അപൂര്‍വ്വ ചിത്രങ്ങള്‍; ഒരുമാസം നീണ്ടുനില്‍ക്കുന്ന ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫിയസ്റ്റ കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗ്യാലറിയില്‍


കോഴിക്കോട്: കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗാലറിയില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഇന്റര്‍നാഷണല്‍ ആര്‍ട് ഫിയസ്റ്റക്ക് തുടക്കമായി. ഡോ ലാല്‍ രഞ്ജിത് ക്യുറേറ്റ് ചെയ്ത ചിത്ര പ്രദര്‍ശനത്തില്‍ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പ്രമുഖ ചിത്രകാരന്മാരുടെ പെയിന്റിംഗ് പ്രദര്‍ശിപ്പിക്കുന്നു.

ആഴ്ചകളിലായി നീണ്ടുനില്‍ക്കുന്ന നാല് പ്രദര്‍ശനങ്ങളില്‍ വാട്ടര്‍ കളര്‍ മീഡിയ, അക്രിലിക്, എണ്ണച്ചായം, മിക്‌സഡ് മീഡിയ എന്നിങ്ങനെയുള്ള രചന രീതിയിലുള്ള ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വ്യത്യസ്തമായ നിരവധി പരിപാടികള്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തോട് അനുബന്ധിച്ച് ഈ ഗാലറിയില്‍ നടക്കും.

ലൈവ് ചിത്രരചന, ചര്‍ച്ചകള്‍, ചിത്ര ആസ്വാദന ക്ലാസുകള്‍, കുട്ടികള്‍ക്കായുള്ള ക്യാമ്പ് , സിനിമ പ്രദര്‍ശനങ്ങള്‍, തുടങ്ങി നിരവധി കലാസാംസ്‌കാരിക പരിപാടികള്‍ ഇതിനോടകം നടക്കുന്നതാണന്ന് സംഘാടകരായ കെ.വി.സന്തോഷ്, മനോജ് യു.ടി എന്നിവര്‍ അറിയിച്ചു.

അന്‍പത് വര്‍ഷം മുമ്പ് ആര്‍ടിസ്റ്റ് മീര വരച്ച പെന്‍സില്‍ ചിത്രങ്ങള്‍ പ്രത്യേക കൗതുകമായി പ്രദര്‍ശനത്തില്‍ സ്ഥാനം പിടിച്ചു. പങ്കെടുക്കുന്ന ചിത്രകാരന്മാരും ആസ്വാദകരുമെല്ലാം ഒന്നിച്ച് മെഴുകുതിരി തെളിയിച്ച് പ്രദര്‍ശനത്തിന് തുടക്കമിട്ട ചടങ്ങില്‍ യു.കെ രാഘവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ശ്രീനിവാസന്‍, അനില്‍കുമാര്‍, മണി ശങ്കര്‍, ഗുരുകുലം ബാബു, അശോക് ബാലന്‍, എസ്.എ.ശിവാനന്ദന്‍ എന്നിവര്‍ ആശംസ അറിയിച്ച ചടങ്ങില്‍ വിപിന്‍ദാസ് നന്ദി പറഞ്ഞു.

ചിത്ര പ്രദര്‍ശനത്തോടൊപ്പം ഏവര്‍ക്കും വാങ്ങാവുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ലഭ്യമാക്കുന്ന വില്‍പന കൗണ്ടറും ഒരുക്കിയിട്ടുണ്ട്. ഇന്നലെ രമേശ് മാണിക്യന്റെ ബുദ്ധ എന്ന ചിത്രത്തിന്റെ വില്‍പന നടന്നത് കാപ്പാടിന്റെ ടൂറിസം വികസന സാധ്യതകള്‍ക്കൊപ്പം കലാവിപണന സാധ്യതയും ഉണ്ടെന്നതിന്റെ തെളിവായി നിന്നു. പ്രദര്‍ശനം ജനുവരി 26 ന് സമാപിക്കും.