സ്വപ്‌നങ്ങള്‍ ബാക്കി, അര്‍ജുന്‍ ഇനി ജനഹൃദയങ്ങളില്‍; കണ്ണീരോടെ വിട നല്‍കി നാട്‌


കോഴിക്കോട്: ഒരു സംസ്ഥാനത്തിന്റെ ഒന്നാകെയുള്ള കാത്തിരിപ്പിനൊടുവില്‍ കണ്ണീരോര്‍മ്മയായി അര്‍ജുന്‍. എഴുപത്തിരണ്ടാം ദിവസം ഗംഗാവലി പുഴയില്‍ നിന്നും വീണ്ടെടുത്ത അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലെ വീട്ടുവളപ്പില്‍ ഇന്ന് സംസ്‌ക്കരിച്ചു. പൊതുദര്‍ശനത്തിന് ശേഷം 11.45 ഓടെയാണ് സംസ്‌ക്കരിച്ചത്.

അനിയന്‍ അഭിജിത്തും ബന്ധുക്കളും അന്ത്യകര്‍മങ്ങള്‍ നടത്തി. അര്‍ജുന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നാടൊന്നാകെ കണ്ണാടിക്കലിലെ വീട്ടിലേക്ക് ഒഴുകിയെത്തി. ഒന്‍പതരയോടൊണ് വീട്ടില്‍ പൊതുദര്‍ശനം ആരംഭിച്ചത്.
കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ മന്ത്രി എ.കെ ശശീന്ദ്രനും കെ കെ രമ എംഎല്‍എയും ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാറും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്നു നിരവധി വാഹനങ്ങടെ അകമ്പടിയോടെ കോഴിക്കോട് പുറപ്പെട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. സഹോദരന്‍ അഭിജിത്തും സഹോദരി ഭര്‍ത്താവ് ജിതിനുമാണ് കാര്‍വാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹം ഏറ്റ് വാങ്ങിയത്.

ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയുമായി നിരവധി പേരാണ് അര്‍ജുനെ ഒരുനോക്ക് കാണാനായി വീടിന് സമീപത്ത് തടിച്ചുകൂടിയത്. എട്ടരയോടെ മൃതദേഹം കണ്ണാടിക്കലിലെത്തി. ആംബുലന്‍സിന് പിറകെയായി വിലാപയാത്രയായി കണ്ണാടിക്കലിലെ വീട്ടിലേയ്ക്ക് നടന്നു. ആളുകള്‍ തിങ്ങിനിറഞ്ഞപ്പോള്‍ പോലീസിന് പല ഘട്ടങ്ങളിലായി നിയന്ത്രിക്കേണ്ടി വന്നു.

മന്ത്രി എ.കെ.ശശീന്ദ്രന്‍, എം.കെ.രാഘവന്‍ എംപി, ഷാഫി പറമ്പില്‍ എംപി, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ എംഎല്‍എമാരായ കെ.കെ.രമ, സച്ചിന്‍ദേവ്, ലിന്റേ്‌റോ ജോസഫ്, തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ വിലാപയാത്രയെ അനുഗമിച്ചു.