പശുവിന് പുല്ല് പറിക്കാനും മറ്റും വെള്ളത്തില്‍ ഇറങ്ങാറുണ്ട്; ഊരള്ളൂര്‍ സ്വദേശിനി സുമതിയുടെ മരണത്തില്‍ എലിപ്പനി സാധ്യത തള്ളാതെ മെഡിക്കല്‍ കോളജില്‍ നിന്നുള്ള റിപ്പോര്‍ട്ട്
അരിക്കുളം: ഊരള്ളൂര്‍ സ്വദേശിനി പൂവല മീത്തല്‍ സുമതിയുടെ മരണകാരണം എലിപ്പനിയാകാന്‍ സാധ്യതയുണ്ടെന്ന് മെഡിക്കല്‍ കോളജില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മൂന്നുദിവസത്തിനുള്ളില്‍ പരിശോധനാഫലം വരുമെന്നും അതിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നും പ്രദേശത്തെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജിത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
സുമതിയുടെ വീട്ടില്‍ പശുവിനെ വളര്‍ത്തുന്നുണ്ട്. പുല്ല് പറിക്കാനോ മറ്റോ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ ശരീരത്തിലെ ഏതെങ്കിലും മുറിവുകളിലൂടെ രോഗാണു പ്രവേശിച്ചതാകാമെന്നാണ് സംശയിക്കുന്നത്.
പനിയെ തുടര്‍ന്ന് ആഗസ്റ്റ് 20നാണ് അരിക്കുളം ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ നിന്നും എലിപ്പനി സംശയത്തില്‍ കാര്‍ഡ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ ഇതിന്റെ ഫലം നെഗറ്റീവായിരുന്നു. തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് സുമതി മരണത്തിന് കീഴടങ്ങിയത്.
ഭര്‍ത്താവ്: മധു. മക്കള്‍: ശ്രീക്കുട്ടന്‍ (സൗദി അറേബ്യ), ശ്രീമയി. സഹോദരങ്ങള്‍: രാജി, അനില്‍. മകന്‍ സൗദി അറേബ്യയില്‍ നിന്നും എത്തിയശേഷമേ സംസ്‌കാര ചടങ്ങുകള്‍ നടക്കൂ.