അകാരണത്താൽ സസ്പെന്റ് ചെയ്ത അരിക്കുളം എൽ.പി.സ്കൂൾ പ്രധാനാധ്യാപകനെ തിരിച്ചെടുക്കുക; പ്രതിഷേധവുമായി അധ്യാപക കൂട്ടായ്മ


അരിക്കുളം: അകാരണത്താൽ സസ്പെന്റ് ചെയ്ത അധ്യാപകനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി കെ.എസ്.ടി.എ. അരിക്കുളം എൽ.പി.സ്കൂൾ പ്രധാനാധ്യാപകനായ ഡി.ആർ ഷിംജിത്തിനെ സസ്പെന്റ് ചെയ്ത നടപടി മാനേജർ പിൻവലിക്കണമെന്ന ആവശ്യമാണ്
കെ.എസ്.ടി.എ അരിക്കുളം – കാവുംവട്ടം സംയുക്ത കൺവൻഷൻ ഉയർത്തിയത്.

നിലവിൽ ക്ലാസ് ചാർജ് കൂടി വഹിക്കുന്ന അധ്യാപകനെ സസ്പെന്റ് ചെയ്തത് വിദ്യാർത്ഥികളുടെ പഠനത്തെ ബാധിച്ചിരിക്കയാണ്. ഈ മാസം തന്നെ പരീക്ഷ ഉള്ളതിനാൽ പാഠഭാഗങ്ങൾ തീർക്കാനുളള ശ്രമത്തിലാണ് അധ്യാപകർ. സസ്പെൻഷൻ മൂലം നിലവിലെ അധ്യാപകർക്ക് അധിക പ്രവൃത്തി ചെയ്യേണ്ട അവസ്ഥയാണ്.

ഇതിനു പുറമെ സ്കൂൾ കെട്ടിടത്തിന്റെ അവസ്ഥയും മോശമാണ്. സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷാ ഭീഷണി നില നിൽക്കുന്ന സാഹചര്യത്തിൽ സ്കൂൾ പ്രവർത്തനം തൊട്ടടുത്തുള്ള വായനശാലയിലാണ് നടന്നു വരുന്നത്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആശങ്കകൾ അകറ്റി സ്കൂൾ കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പു വരുത്തുന്ന നടപടി മാനേജ്മെന്റ് സ്വീകരിക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.

കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ എക്സി. അംഗം. ഡി.കെ ബിജു കൺവൻഷൻ ഉദ്ഘാടനം ചെയ്തു. വി. അരവിന്ദൻ അധ്യക്ഷത വഹിച്ചു..സബ് ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ സി, ജിബിൻ.സി.എ എന്നിവർ സംസാരിച്ചു. പ്രവീൺ കുമാർ ബി.കെ സ്വാഗതവും പി. ഷിജു നന്ദിയും പറഞ്ഞു.