സംസ്ഥാനത്ത് സ്കൂളുകളിൽ വാർഷിക പരീക്ഷ ഈ മാസം; എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 30 ന് ആരംഭിക്കും


കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകൾ വാർഷിക പരീക്ഷ ഈ മാസം നടത്തും. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിലെ വാർഷിക പരീക്ഷകളാണ് മാർച്ച് മാസം നടത്തുക. ഏപ്രിൽ ആദ്യ വാരം പരീക്ഷ നടത്തുമെന്നായിരുന്നു നേരത്തെ വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നത്.

പരീക്ഷകൾ ഏപ്രിൽ 10 നകം പൂർത്തിയാക്കാനായിരുന്നു ആദ്യ ഘട്ടത്തിൽ ലഭിച്ച അറിയിപ്പ്. എന്നാൽ പത്ത്, പ്ലസ് ടു പരീക്ഷകൾ ഈ മാസം അവസാനം ആരംഭിക്കുന്നതിനാൽ, അതിന് മുൻപ് തന്നെ പരീക്ഷ നടത്താനുള്ള തീരുമാനത്തിലേയ്ക്ക് വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു.

ഈ മാസം 31 മുതലാണ് എസ്.എസ്.എൽ.സി പരീക്ഷകൾ ആരംഭിക്കുക. പ്ലസ് ടു പരീക്ഷകൾ മുപ്പതാം തീയതി ആരംഭിക്കും. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പരീക്ഷയ്ക്ക് പകരം ഇത്തവണ വർക്ക്ഷീറ്റുകൾ ആണ് നൽകുക. അഞ്ചു മുതൽ ഒൻപതു വരെയുള്ള ക്സാസുകളിലായിരിക്കും പരീക്ഷകൾ നടത്തുക. അടുത്ത മാസം വിഷു, ഈസ്റ്റർ, റംസാൻ വൃതാരംഭം എന്നിവ കൂടി കണക്കിലെടുത്താണ് തീരുമാനം.

കോവി‍ഡിനെ തുടർന്ന് നവംബർ 1 നാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിച്ചത്. കഴിഞ്ഞ മാസം 21 മുതൽ മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി ക്ലാസുകൾ പുനഃരാരംഭിച്ചിരുന്നു. പരീക്ഷ മുൻപേ തീരുന്നതിനാൽ വിദ്യാർത്ഥികൾക്ക് രണ്ട് മാസത്തെ വേനലവധി ലഭിക്കും.