‘എം.സി.എഫ് കെട്ടിടത്തിന് സ്ഥലം കണ്ടെത്താന്‍ കഴിയാത്ത പ്രസിഡന്റ് ഭരണപരാജയം മറച്ച് വയ്ക്കാന്‍ ശ്രമിക്കുന്നു, പ്രസ്താവനകള്‍ വാസ്തവ വിരുദ്ധം’; അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ ജനകീയ കര്‍മ്മസമിതി
അരിക്കുളം: എം.സി.എഫിന് സ്ഥിരം കെട്ടിടം പണിയാന്‍ സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നടത്തുന്ന പ്രസ്താവനകള്‍ വാസ്തവ വിരുദ്ധമെന്ന് ജനകീയ കര്‍മ സമിതി.
കഴിഞ്ഞ നാല് വര്‍ഷമായി എം.സി.എഫിന് സ്ഥിരം കെട്ടിടം പണിയാന്‍ പത്ത് സെന്റ് സ്ഥലം പഞ്ചായത്തിലൊരിടത്തും കണ്ടെത്താന്‍ കഴിയാത്ത അദ്ദേഹം തന്റെ ഭരണ പരാജയം മറച്ചുവെക്കുകയാണെന്ന് ആരോപിച്ച ജനകീയ കര്‍മ സമിതി എല്ലാ പഞ്ചായത്തിലും എം.സി.എഫ് വേണമെന്ന ഇടതുമുന്നണിയുടേയും കേരള സര്‍ക്കാറിന്റേയും നയം നടപ്പിലാക്കാന്‍ കഴിയാത്ത പഞ്ചായത്ത് പ്രസിഡണ്ട് രാജി വെച്ചൊഴിണമെന്ന് ആവശ്യപ്പെട്ടു.
2018 ലെ ജില്ലാ കളക്ടറുടെ ഉത്തരവില്‍ പത്ത് സെന്റ് സ്ഥലം എം.സി.എഫിനായി കണ്ടെത്താന്‍ പ്രത്യേക നിര്‍ദ്ദേശമുണ്ട്. ഇതിനായി ശ്രമിക്കാതെ പഞ്ചായത്തില്‍ സ്ഥിരം കെട്ടിടമുണ്ടെന്ന തെറ്റായ വിവരം സര്‍ക്കാറിലേയ്ക്ക് അയച്ച് പദ്ധതിയ്ക്ക് അംഗീകാരം വാങ്ങുകയും ഫണ്ട് കൈപ്പറ്റുകയും ചെയ്ത ഭരണ സമിതി നടപടിക്കെതിരെ പഞ്ചായത്ത് ഓംപുട്‌സ്മാന് കര്‍മ സമിതി ഇതിനകം പരാതി നല്‍കിയിട്ടുണ്ട്.
ആര്‍.ഡി.ഒ. വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ എം.സി.എഫിന് അനുയോജ്യമായ പത്ത് സെന്റ് സ്ഥലം കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ വിലയ്ക്കു വാങ്ങി പഞ്ചായത്തിന് കൈമാറാമെന്ന് നിര്‍ദ്ദേശം വെച്ചെങ്കിലും പഞ്ചായത്ത് പ്രസിഡണ്ട് അത് തള്ളിക്കളയുകയാണുണ്ടായത്.
കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു പ്രദേശത്തെ ജനങ്ങള്‍ സമരരംഗത്തുവന്നപ്പോള്‍ അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്ന പ്രസിഡണ്ടിന്റെ നയത്തെ അംഗീകരിക്കാനാവില്ലെന്നും വര്‍ഷങ്ങളായി കലാ സാംസ്‌കാരിക പരിപാടികളും കായിക വിനോദ പരിപാടികളും നടത്തിവരുന്ന ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന സമ്പര്‍ക്ക ഇടം മാലിന്യസംഭരണ കേന്ദ്രമാക്കാനനുവദിക്കില്ലെന്ന നിലപാടുമായി കര്‍മ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാപ്പകല്‍ ഇരിപ്പു സമരം അഞ്ചാം ദിനത്തിലേയ്ക്ക് കടന്നു. സമരപ്പന്തലില്‍ കലാ കായിക പരിപാടികള്‍ നടത്തിയും ഭക്ഷണം പാചകം ചെയ്ത് കഴിച്ചും സമര പരിപാടി സജീവമാക്കുകയാണ് കര്‍മ സമിതി പ്രവര്‍ത്തകര്‍.