അരിക്കുളം എടവനക്കുളങ്ങര ക്ഷേത്രത്തിലെ അഴിനോട്ടവും അഴിമുറിത്തിറയും; ഫോട്ടോകളിലൂടെ


അഴിനോട്ടം ഫോട്ടോ: അഭിറാം മനോജ്

കൊയിലാണ്ടി: അരിക്കുളം എടവനക്കുളങ്ങര ക്ഷേത്രത്തില്‍ കെട്ടിയാടുന്ന അഴിമുറിത്തിറയ്ക്ക് പെരുമയേറെയാണ്. അഴിനോട്ടം തിറയും അഴിമുറി തിറയും അതിന്റെ പൂര്‍ണ്ണരൂപവും ഭാവവും ഉള്‍ക്കൊണ്ടുകൊണ്ട് കെട്ടിയാടുന്നത് കേരളത്തില്‍ ഈ ക്ഷ്രേത്രത്തില്‍ മാത്രമാണ്.

അഴിനോട്ടം തിറ ബുധനാഴ്ച രാത്രിയായിരുന്നു. അഴി നിര്‍മ്മാണം ശരിയായോ എന്ന് ദേവിക്ക് ബോദ്ധ്യപ്പെടലാണിത്. അഴി ഇരുഭാഗത്തേക്കും ആട്ടി നോക്കും.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് അഴിമുറിത്തിറ നടന്നത്. ക്ഷേത്രത്തിലെ കിഴക്കെ കാവിലെ ഭഗവതി ക്ഷേത്രമുറ്റത്തായിരുന്നു തിറയാട്ടം. അഴിമുറിത്തിറയുടെ ഏറ്റവും തിളക്കമേറിയ കാഴ്ചകളാണ് അവസാന ഭാഗത്തേക്ക്. പത്താംപ്രാവശ്യം അഴികയറാന്‍ എത്തുന്ന തെറ്റത്തെ തടഞ്ഞ് അവകാശികള്‍ അഴിമുറിച്ചുമാറ്റി കയറ്റം തടയും. അഴി കയറാനുള്ള തിറയുടെ തിടുക്കവും ഭക്തരുടെ തടസവും രസകരമായ കാഴ്ചയാണ്. ആശാരികളും അവകാശികളും ചേര്‍ന്ന് ദേവിയെ ശാന്തയാക്കി മാറ്റുന്നതോടെയാണ് തിറ സമാപിക്കുകയും ചെയ്യും.

ദേവീ മാഹാത്മ്യത്തിലെ ശുംഭ നിശുംഭ വധവുമായി ബന്ധപ്പെട്ടതാണ് ഈ തിറയാട്ടം. ബ്രഹ്‌മാവില്‍ നിന്നും വരം നേടിയ അസുരര്‍ ദേവന്മാര്‍ക്ക് ഭീഷണിയായി നിലനിന്ന കാലം. അസുരന്മാരെ വധിക്കാന്‍ പുറപ്പെട്ട ദേവി ഹിമാലയ സാനുക്കളില്‍ സ്വര്‍ണ ഊഞ്ഞാലില്‍ ആടി ശുംഭ നിശുംഭ അസുരന്മാരെ വശീകരിച്ചുവരുത്തി. അസുരന്മാര്‍ ദേവിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ യുദ്ധത്തില്‍ തോല്‍പ്പിക്കുന്നവര്‍ക്ക് എന്നെ വിവാഹം ചെയ്യാമെന്നായിരുന്നു ദേവിയുടെ മറുപടി. തുടര്‍ന്ന് ദേവി അസുരന്മാരെ യുദ്ധം ചെയ്ത് വധിച്ചു. അസുരനിഗ്രഹതിനു ശേഷമുള്ള ദേവിയുടെ ആനന്ദനൃത്തമാണ് ഈ ആഘോഷം.