താഹിറയെ കുടുക്കിയത് മൊഴികളിലെ വൈരുധ്യം, സി.സി.ടി.വി ദൃശ്യങ്ങളും തെളിവായി; അരിക്കുളത്തെ പന്ത്രണ്ടുകാരന്റെ കൊലപാതകത്തില്‍ പൊലീസ് പ്രതിയിലേക്ക് എത്തിയത് ഇങ്ങനെ


കൊയിലാണ്ടി: പന്ത്രണ്ടു വയസുമാത്രം പ്രായമുള്ള കുട്ടിയെ സ്വന്തം ബാപ്പയുടെ സഹോദരി തന്നെ വിഷം നല്‍കി കൊലപ്പെടുത്തി എന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് അരിക്കുളം. കേവലം ഭക്ഷ്യവിഷബാധ എന്ന് ആദ്യഘട്ടത്തില്‍ അനുമാനിച്ച സംഭവമാണ് അത്യന്തം ക്രൂരമായ കൃത്യമായിരുന്നു എന്ന് പിന്നീട് ചുരുളഴിഞ്ഞത്. അതേസമയം വളരെ അനായാസം തന്നെ പ്രതിയിലേക്ക് എത്താന്‍ കൊയിലാണ്ടി പൊലീസിന് കഴിഞ്ഞു.

കുട്ടി മരിച്ച് രണ്ട് ദിവസത്തോളം ഐസ്‌ക്രീമില്‍ നിന്നുള്ള വിഷബാധയാണ് ജീവനെടുത്തത് എന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഐസ്‌ക്രീം സാമ്പിളുകളുടെ പരിശോധനാഫലവും വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ എന്ന് അന്ന് തന്നെ പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിന് മുമ്പ് തന്നെ മരണത്തില്‍ പൊലീസ് അസ്വാഭാവികത സംശയിച്ചിരുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് പരിശോധനാഫലങ്ങളും വന്നതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. അമോണിയം ഫോസ്‌ഫേറ്റ് എന്ന മാരക രാസവസ്തുവാണ് കുട്ടിയുടെ വയറ്റിലുണ്ടായിരുന്നത്. അരിക്കുളത്തെ അതേകടയില്‍ നിന്ന് ഐസ്‌ക്രീം വാങ്ങി കഴിച്ച മറ്റാര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നതും ഇതിനൊപ്പം ചേര്‍ത്തുവായിക്കാം.

ഐസ്‌ക്രീമില്‍ യാതൊരു കാരണവശാലും ഉണ്ടാകാന്‍ സാധ്യതയില്ലാത്ത രാസവസ്തുവാണ് അമോണിയം ഫോസ്‌ഫേറ്റ്. മനഃപൂര്‍വ്വം ചേര്‍ക്കാതെ ഇത് ഒരിക്കലും ഐസ്‌ക്രീമില്‍ എത്തില്ല. ഈ സാഹചര്യത്തിലാണ് വടകര ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നിരവധി പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ നിരവധി പേരെ പൊലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

മരിച്ച കുട്ടിയുടെ ബാപ്പയുടെ സഹോദരി താഹിറയെ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു. ഇവരാണ് കുട്ടി കഴിച്ച ഫാമിലി പാക്ക് ഐസ്‌ക്രീം അരിക്കുളത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി നല്‍കിയത്. എന്നാല്‍ വളരെ സ്വാഭാവികമായാണ് താഹിറ ആദ്യം പൊലീസിന് മൊഴി നല്‍കിയത്. പക്ഷേ താഹിറ നല്‍കിയ മൊഴിയിലെ വൈരുധ്യമാണ് പൊലീസിന് പ്രതിയിലേക്കുള്ള കൃത്യമായ സൂചന നല്‍കിയത്.

ഐസ്‌ക്രീം വാങ്ങിയ ശേഷം താന്‍ നേരെ സഹോദരന്‍ മുഹമ്മദലിയുടെ വീട്ടിലേക്ക് പോയി എന്നാണ് താഹിറ പൊലീസിന് മൊഴി നല്‍കിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചപ്പോള്‍ ഈ പറഞ്ഞത് കള്ളമാണെന്ന് പൊലീസ് മനസിലാക്കി. ഐസ്‌ക്രീം വാങ്ങി സ്വന്തം തറവാട്ടു വീട്ടിലേക്ക് പോയ താഹിറ അരമണിക്കൂറോളം കഴിഞ്ഞാണ് അവിടെ നിന്ന് മുഹമ്മദലിയുടെ വീട്ടിലേക്ക് പോയത്.

പറഞ്ഞത് കള്ളമാണെന്ന് തെളിവു സഹിതം പൊലീസ് പറഞ്ഞതോടെ കൂടുതല്‍ സമയം പിടിച്ച് നില്‍ക്കാന്‍ താഹിറയ്ക്ക് കഴിഞ്ഞില്ല. കുറ്റം സമ്മതിച്ച താഹിറ സഹോദരന്റെ ഭാര്യയോടുള്ള മുന്‍വൈരാഗ്യമാണ് ഇത് ചെയ്യാന്‍ കാരണമെന്ന് പൊലീസിനോട് പറഞ്ഞു. സ്വന്തം വീട്ടില്‍ വച്ചാണ് അവര്‍ ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തതെന്നും പൊലീസ് കണ്ടെത്തി.

താഹിറ വാങ്ങി നല്‍കിയ ഐസ്‌ക്രീം മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ രിഫായി മാത്രമാണ് കഴിച്ചത്. ഉമ്മയും രണ്ട് സഹോദരങ്ങളും ഈ സമയത്ത് വീട്ടില്‍ ഇല്ലാതിരുന്നതിനാലാണ് അവര്‍ രക്ഷപ്പെട്ടത്. മറിച്ചായിരുന്നെങ്കില്‍ കൂട്ടമരണത്തിന്റെ വാര്‍ത്തയായിരുന്നു പുറത്ത് വരിക.

പ്രതി താഹിറയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും പൊലീസ് പറയുന്നു. ഇവര്‍ നേരത്തേ പലതവണ അക്രമാസക്തയായിട്ടുണ്ടെന്നും ബന്ധുക്കളെ കത്രിക ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചിട്ടുണ്ടെന്നുമാണ് വിവരം.

പ്രതിയുമായി അരിക്കുളത്തെത്തിയ പൊലീസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവി ആര്‍.കറപ്പസ്വാമിയുടെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ആര്‍.ഹരിപ്രസാദ്, കൊയിലാണ്ടിയുടെ ചുമതലയുള്ള സി.ഐ കെ.സി.സുഭാഷ് ബാബു, എസ്.ഐ.വി.അനീഷ്, പി.എം.ശൈലേഷ്, ബിജു വാണിയംകുളം, സി.പി.ഒ.കരീം, ഗംഗേഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശോഭ, രാഖി, എസ്.സി.പി.ഒ ബിനീഷ്, എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.