റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഫെബ്രുവരിയില്‍ ചെയ്‌തോ ഇല്ലയോ എന്ന സംശയത്തിലാണോ ? പേടിക്കേണ്ട; ഓണ്‍ലൈനായി അഞ്ച് മിനിട്ടുനുള്ളില്‍ സംശയം തീര്‍ക്കാം


വടകര: മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിങ് ഇന്ന് മുതല്‍ തുടങ്ങുകയാണ്. സൗജന്യ റേഷൻ ലഭിക്കുന്നവരുടെ ഇ – കെവൈസി അപ്ഡേഷൻ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണ് ഇത്തരത്തില്‍ മസ്റ്ററിങ് നടത്തുന്നത്. എന്നാല്‍ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇ–പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ചു റേഷൻ വാങ്ങിയവർ മസ്റ്റർ ചെയ്യേണ്ടതില്ലെന്ന്‌ ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ഒപ്പം ഫെബ്രുവരിയിലും മാർച്ചിലും മസ്റ്ററിങ് നടത്തിയവരും ഇനി ചെയ്യേണ്ടതില്ല.

മുമ്പ് മസ്റ്ററിങ് നടത്തിയോ ഇല്ലയോ എന്ന സംശയമുള്ളവര്‍ പേടിക്കേണ്ടതില്ല. ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ ഇക്കാര്യം പരിശോധിക്കാവുന്നതാണ്. https://epos.kerala.gov.in/SRCTransInt.jsp എന്ന ലിങ്ക് കയറി റേഷന്‍ കാര്‍ഡ് നമ്പര്‍ അടിക്കുക. തുടര്‍ന്ന് സബ്മിറ്റ് ചെയ്താല്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളും പേര് വിവരങ്ങള്‍ ലഭിക്കും,

ഓരോ അംഗത്തിന്റെയും പേരിന് നേരെ വലത് ഭാഗത്ത്‌ അവസാനമായി EKyc എന്ന സ്റ്റാറ്റസ് കാണാം. അതില്‍ Done എന്നാണ് കാണുന്നതെങ്കില്‍ അവര്‍ മസ്റ്ററിങ് നടത്തിയിട്ടുണ്ട് എന്നാണര്‍ത്ഥം. എന്നാല്‍ Not Done എന്നാണ് കാണുന്നതെങ്കില്‍ അവര്‍ മസ്റ്ററിങ് ചെയ്തിട്ടില്ലെന്നാണ് അര്‍ത്ഥം. അങ്ങനെയുള്ളവരാണ് ഇന്ന് മുതല്‍ 8വരെയുള്ള ദിവസങ്ങളില്‍ റേഷന്‍ കടകളിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കേണ്ടത്. ഇന്ത്യയില്‍ എവിടെ വച്ചും മസ്റ്ററിങ് ചെയ്യാവുന്നതാണ്. മാത്രമല്ല ഒരു കുടുംത്തിലെ എല്ലാവരും ഒരുമിച്ച് ഒരേ സമയമെത്തിയും മസ്റ്ററിങ്ങ് ചെയ്യേണ്ടതില്ല. കൂടാതെ മസ്റ്ററിങിനായി പോകുമ്പോള്‍ നിര്‍ബന്ധമായും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും കൈയില്‍ കരുതണം.