വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും മെസേജുകൾ വരാറുണ്ടോ? പ്രശ്ന പരിഹാരത്തിനായി പുതിയ ഫീച്ചർ, വാട്സ്ആപ്പിലെ പുതിയ മാറ്റങ്ങൾ ഇവയാണ്…


റ്റവും കൂടുതൽ സ്വീകാര്യതയുള്ള ഒരു സാമൂഹ്യ മാധ്യമമാണ് വാട്സ്ആപ്പ്. ഫാമിലി ​ഗ്രൂപ്പ് മുതൽ ജോലി സംബന്ധമായതും അല്ലാത്തതുമായ നിരവധി ​ഗ്രൂപ്പുകളിൽ ഓരോരുത്തരും അം​ഗങ്ങളാണ്. അറിയുന്നവരും അറിയാത്തവരും ​ഗ്രുപ്പിൽ അം​ഗങ്ങളാകുന്നതിനാൽ ചിലപ്പോഴൊക്കെ ഇത് തലവേദനയാകാറുണ്ട്. അതിനാൽ ഉപയോക്താക്കളുടെ സൗകര്യങ്ങൾക്കൊപ്പം തന്നെ സുരക്ഷയ്ക്കും നൽകി പുതിയ മാറ്റം കൊണ്ടുവരികയാണ് വാട്സ്ആപ്പ്. ഇതിന്റെ ഭാഗമായി ഗ്രൂപ്പുകളിൽ നിന്നും ആളുകൾ ഫോൺ നമ്പർ എടുത്ത് ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയൊരു ഫീച്ചറാണ് ആപ്പ് അവതരിപ്പിക്കുന്നത്. ഈ ഫീച്ചർ ഇതുവരെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടില്ല.

പുതിയ ഫീച്ചർ എത്തുന്നതോടെ ഗ്രൂപ്പുകളിൽ നിന്ന് ഒരാൾക്കും മറ്റുള്ളവരുടെ നമ്പർ കാണാൻ സാധിക്കില്ല, പകരം പേര് ആയിരിക്കും കാണിക്കുക. ഫോൺ നമ്പറുകൾക്ക് പകരം ഉപയോക്താവ് നൽകുന്ന പേരായിരിക്കും കാണിക്കുക. പുതിയ അപ്‌ഡേറ്റിന് ശേഷം ഉപയോക്താക്കൾക്ക് വാട്സാപ് ഗ്രൂപ്പിലെ ഏതെങ്കിലും അജ്ഞാത കോൺടാക്റ്റിൽ നിന്ന് മെസേജ് ലഭിച്ചാലും ഫോൺ നമ്പറുകൾക്ക് പകരം പേരുകളാകും കാണിക്കുക. ഈ ഫീച്ചര്‍ പരീക്ഷിക്കാനായി കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ വാട്സാപ് ശ്രമം തുടങ്ങിയിരുന്നു. വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം വാട്സാപ്പിൽ വൈകാതെ തന്നെ ഈ ഫീച്ചർ വരുമെന്നാണ്. വാട്സാപ്പിന്റെ ഗ്രൂപ്പ് ചാറ്റ് ലിസ്റ്റിലേക്കും ഈ ഫീച്ചർ കൊണ്ടുവരും. ഇതുവഴി ഉപയോക്താക്കൾക്ക് ഗ്രൂപ്പ് ചാറ്റിൽ ആരിൽ നിന്നാണ് സന്ദേശങ്ങൾ ലഭിച്ചതെന്ന് പെട്ടെന്ന് അറിയാനും സാധിക്കും. ടെലഗ്രാം ഗ്രൂപ്പുകളില്‍ ഇപ്പോൾ തന്നെ ഈ ഫീച്ചർ ലഭ്യമാണ്.

സ്വീകർത്താക്കൾക്ക് അവരുടെ കോൺടാക്റ്റ് ലിസ്റ്റിൽ നമ്പർ സേവ് ചെയ്യാതെ തന്നെ ഗ്രൂപ്പിലെ അജ്ഞാത കോൺടാക്റ്റ് ആരാണെന്ന് അറിയുന്നത് എളുപ്പമാക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന ഗുണം. ഈ ഫീച്ചർ വരുന്നതോടെ ഉപയോക്താക്കൾക്ക് ഗ്രൂപ്പിൽ മെസേജ് അയയ്‌ക്കുന്നയാൾ ആരാണെന്ന് പെട്ടെന്ന് മനസ്സിലാക്കാം. പ്രത്യേകിച്ചും വലിയ ഗ്രൂപ്പുകളിൽ ഓരോ ഗ്രൂപ്പ് അംഗത്തിന്റെയും കോൺടാക്റ്റുകൾ സൂക്ഷിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.

വാട്സാപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് പതിപ്പായ 2.23.5.12 ൽ ഈ ഫീച്ചർ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഒഎസിന്റെ 23.5.0.73 പതിപ്പിലും ഈ ഫീച്ചറുകൾ ലഭിച്ചേക്കും. പരീക്ഷണങ്ങൾക്ക് ശേഷം പുതിയ ഫീച്ചർ എല്ലാവർക്കും ലഭ്യമാകും. ഇതിനിടെ, ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന മറ്റൊരു പുതിയ ഫീച്ചറും വാട്സാപ് പരീക്ഷിക്കാൻ തുടങ്ങി. നിലവിൽ ആൻഡ്രോയിഡിനും ഐഒഎസിനുമുള്ള വാട്സാപ് ബീറ്റാ അപ്‌ഡേറ്റിനൊപ്പം ഈ ഫീച്ചർ ലഭ്യമാണ്. ഗ്രൂപ്പ് ചാറ്റ് അഡ്മിനുകൾക്കായി വാട്സാപ് പുതിയ അപ്രൂവൽ ഫീച്ചറാണ് അവതരിപ്പിച്ചത്. ഗ്രൂപ്പ് ഇൻവിറ്റ് ലിങ്ക് ആണെങ്കിലും ഗ്രൂപ്പിൽ ആർക്കൊക്കെ ചേരാം എന്നതിനെ നിയന്ത്രിക്കാൻ ഈ പുതിയ ഫീച്ചർ ഗ്രൂപ്പ് അഡ്മിൻമാരെ അനുവദിക്കും. ചാറ്റ് ലിങ്ക് ഉപയോഗിച്ച് ഒരു വ്യക്തി ഗ്രൂപ്പിൽ ചേരാൻ ശ്രമിക്കുമ്പോഴെല്ലാം ഗ്രൂപ്പിൽ ചേരുന്നതിന് അഡ്മിനിൽ നിന്ന് അനുമതി തേടേണ്ടിവരും. ഇതുവഴി ആർക്കൊക്കെ ചേരാമെന്നും കൂടുതൽ കാര്യക്ഷമമായി ഗ്രൂപ്പ് മാനേജ് ചെയ്യാമെന്നും നിയന്ത്രിക്കാൻ അഡ്മിൻമാർക്ക് കഴിയും.

ഇതിനകം തന്നെ ചാറ്റിൽ നമ്പരുകൾക്ക് പകരം യൂസർ നെയിം കാണിക്കുന്ന ഫീച്ചർ ഉണ്ടെങ്കിലും ഗ്രൂപ്പിലെ അംഗങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ നമ്പരുകൾ കാണാൻ സാധിക്കും. പുതിയ അപ്ഡേറ്റ് വരുന്നതോടെ ഗ്രൂപ്പ് മെമ്പർമാരുടെ ലിസ്റ്റ് എടുത്താലും അതിൽ അവരുടെ യൂസർ നെയിം മാത്രമായിരിക്കും കാണിക്കുന്നത്, നമ്പരുകൾ കാണിക്കില്ല. സേവ് ചെയ്യാത്ത കോൺടാക്റ്റുകളിൽ നിന്നും അയച്ച മെസേജ് ആരുടേതാണ് എന്ന് തിരിച്ചറിയാനുള്ള നിലവിലുള്ള ഫീച്ചറിനൊപ്പം കൂടുതൽ സുരക്ഷ കൂടി ചേർക്കുന്നതാണ് വരാൻ പോകുന്ന ഫീച്ചർ.