മികച്ച വിദ്യാലയ പി.ടി.എയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കൊയിലാണ്ടിയിലെ ആന്തട്ട ഗവ.യു.പി സ്‌കൂള്‍


കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച വിദ്യാലയ പി.ടി.എകള്‍ക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊയിലാണ്ടി ഉപജില്ലയിലെ ആന്തട്ട ഗവ. യു.പി സ്‌കൂളാണ് കോഴിക്കോട് ജില്ലയില്‍ പ്രൈമറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്. എഴുപതിനായിരം രൂപയാണ് പുരസ്‌കാരം.

സ്‌കൂളിനുവേണ്ടി ഹെഡ്മാസ്റ്റര്‍ എം.ജി ബെല്‍രാജും പി.ടി.എ പ്രസിഡന്റ് എ.ഹരിദാസും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അവാര്‍ഡുദാന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ലഹരി ശീലങ്ങള്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ പി.ടി.എകളുടെ ഉത്തരവാദിത്വം കൂടി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാം സ്ഥാനം നേടിയ പേരാമ്പ്ര ഉപജില്ലയിലെ തൃക്കുറ്റിശ്ശേരി ഗവ.യു.പി.സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വടകര വിദ്യാഭ്യാസ ജില്ലയിലെ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, രണ്ടാം സ്ഥാനം നേടിയ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ നായര്‍കുഴി ഗവ.എച്ച്.എസ് എന്നീ വിദ്യാലയങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ സി.മനോജ് കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഷാദിയ ബാനു, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ജയകൃഷ്ണന്‍, സമഗ്ര ശിക്ഷാ ജില്ലാ പ്രോഗ്രാം ഓഫീസര്‍ യമുന, നടക്കാവ് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനധ്യാപകന്‍ ടി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.

പ്രധാനധ്യാപകരായ എം.ജി.ബല്‍രാജ്, സുധീര്‍രാജ്, എം.ബീന, കെ.ജിതേഷ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി.