ഒമ്പതാം ക്ലാസുകാരനെ മുഖത്തും കൈക്കും ക്രൂരമായി മര്‍ദ്ദിച്ചു, കേസുമായി മുന്നോട്ടുപോയാല്‍ എന്‍.സി.സിയില്‍ നിന്ന് പുറത്താക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തി; തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനെതിരെ വീണ്ടും പരാതി


തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതായി വീണ്ടും പരാതി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.

എന്‍.സി.സി യൂണിഫോം ധരിക്കാതെ സ്‌കൂളിലെത്തിയതിനാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ഥികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കുട്ടിയുടെ മുഖത്ത് അടിക്കുകയും കയ്യില്‍ ചൂരല്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും നഖംകൊണ്ട് അമര്‍ത്തി മുറിവേല്‍പ്പിക്കുകയും ചെയ്‌തെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് സ്‌കൂളില്‍ ആനുവല്‍ ഡേ പരിപാടികള്‍ നടക്കുകയാണ്. ബന്ധുവിന് ഡയാലിസിസ് ചെയ്യുന്നതിനായി കൂട്ടുപോയതായിരുന്നു വിദ്യാര്‍ഥിയെന്നും സ്‌കൂളിന് സമീപത്തുവെച്ച് കൂട്ടുകാരുമായി സംസാരിക്കവേയാണ് അധ്യാപകന്‍ വിളിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചതെന്നുമാണ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിയുടെ അമ്മ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

യൂണിഫോം ഇടാതെ വന്നതെന്താണെന്ന് ചോദിച്ചാണ് അധ്യാപകന്‍ അടിച്ചത്. പിന്നീട് സ്റ്റാഫ് റൂമില്‍ വിൡുകൊണ്ടുപോകുകയും അമ്മയെ വിളിച്ച് സംസാരിക്കുകയും ചെയ്തു. സഹോദരന് അസുഖമായതിനാല്‍ തനിക്ക് സ്‌കൂളിലേക്ക് വരാനാവില്ലെന്നും കുട്ടിയെ മര്‍ദ്ദിക്കുന്നതിന് മുമ്പായിരുന്നില്ലേ തന്നോട് കാര്യം തിരക്കേണ്ടതെന്നും അധ്യാപകനോട് പറഞ്ഞിരുന്നതായും അമ്മ പറയുന്നു.

കേസുമായി മുന്നോട്ടുപോകുകയാണെങ്കില്‍ വിദ്യാര്‍ഥിയെ എന്‍.സി.സിയില്‍ നിന്ന് പുറത്താക്കുമെന്നും എന്‍.സി.സിയുടെ സര്‍ട്ടിഫിക്കറ്റിനുവേണ്ടി പരീക്ഷയെഴുതിയിട്ടുണ്ടെന്നും അത് പാസായാലും തോല്‍പ്പിക്കുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും അമ്മ പറഞ്ഞു.

ഇതിനു മുമ്പും തിരുവങ്ങര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകര്‍ക്കെതിരെ സമാനമായ ആരോപണം ഉയര്‍ന്നിരുന്നു. മലയാളം അധ്യാപകന്‍ ചൂരല്‍ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയുടെ കാലിന് പരിക്കേറ്റെന്നായിരുന്നു പരാതി. ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് പുതിയ പരാതി വന്നിരിക്കുന്നത്.