അങ്കണവാടികളില്‍ ഇനി പുകയില്ലാത്ത അടുപ്പുകള്‍; തദ്ദേശ സ്ഥാപനങ്ങളില്‍ ‘അങ്കണ്‍ ജ്യോതി’ പദ്ധതിക്ക് ചക്കിട്ടപ്പാറയില്‍ തുടക്കം


കോഴിക്കോട്: ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ പദ്ധതിയുടെ ഭാഗമായി അങ്കണവാടികളില്‍ പാചകവാതക ഉപകരണങ്ങള്‍ സൗരോര്‍ജ ഉപകരണങ്ങളാക്കി മാറ്റുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചക്കിട്ടപാറയില്‍ നടന്നു.

പാചകവാതകത്തിന്റെ വേഗം കൂട്ടുകയും കാര്‍ബണ്‍ ബഹിര്‍ഗമനമില്ലാതെ പാചകം ഉറപ്പാക്കുന്നതിനുമാണ് നടപടി. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ചക്കിട്ടപ്പാറ പഞ്ചായത്തിലെ 27 അങ്കണവാടികളിലും ഊര്‍ജ്ജ ക്ഷമതാ ഉപകരണങ്ങള്‍ കൈമാറി. ജില്ലയില്‍ ആകെ ഏഴ് തദ്ദേശ സ്ഥാപനങ്ങളിലായി 220 അങ്കണവാടികളിലാണ് പദ്ധതി നടപ്പാക്കുന്നത്.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ മുതുകാടിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു. നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ പി. ടി പ്രസാദ് പദ്ധതി വിശദീകരിച്ചു. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ജോര്‍ജ്, ഇ.എം.സി കോര്‍ഡിനേറ്റര്‍ എം. എ ജോണ്‍സണ്‍, ഇ.എം ശ്രീജിത്ത്, ചിപ്പി മനോജ്, സി. കെ ശശി, ബിന്ദു വത്സന്‍, കെ.എ ജോസൂട്ടി, ശോഭ പട്ടാണിക്കുന്നുമ്മല്‍ സന്ദീപ് എ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മറ്റ് ആറ് നെറ്റ് സീറോ ക്യാമ്പയിന്‍ ഏറ്റെടുത്ത തദ്ദേശ സ്ഥാപനങ്ങളിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അങ്കണ്‍ ജ്യോതി ഉദ്ഘാടനങ്ങള്‍ നടക്കും.