പഠനം ഇനി കൂടുതൽ സ്മാർട്ടാകും; ആധുനിക സൗകര്യങ്ങളുമായി ആന്തട്ട ഗവ.യു.പി സ്കൂളിന്റെ പുതിയ കെട്ടിടം
കൊയിലാണ്ടി: ആന്തട്ട ഗവ.യു.പി സ്കൂളിൽ നിർമിച്ച പുതിയ കെട്ടിടം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കിഫ്ബി ധനസഹായത്തോടെ സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് കെട്ടിടം നിർമ്മിച്ചത്. തീരദേശ ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 57 വിദ്യാലയങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് 92.69 ലക്ഷം രൂപ അടങ്കൽ തുകയിൽ ആധുനിക കെട്ടിടം പണിതത്.
വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പഠനാന്തരീക്ഷം പ്രദാനം ചെയ്യുന്നതിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ കാര്യമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. സ്കൂളുകൾക്ക് മതിയായ ക്ലാസ് മുറികളും സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണവും നവീകരണവും സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഏഴു വർഷം കൊണ്ട് 3800 കോടിയുടെ വികസനമാണ് പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായത്.സ്‌കൂളുകളിൽ ഡിജിറ്റൽ ക്ലാസ്‌റൂം നടപ്പിലാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഹൈടെക് സ്കൂൾ പദ്ധതിക്ക് കീഴിൽ, ഡിജിറ്റൽ പഠനം സുഗമമാക്കുന്നതിന് സ്കൂളുകളിൽ ഇന്ററാക്ടീവ് സ്മാർട്ട് ബോർഡുകൾ, കമ്പ്യൂട്ടറുകൾ, പ്രൊജക്ടറുകൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ എസ് സി എ ഡി സി റീജിയണൽ മാനേജർ പി കെ രഞ്ജിനി റിപ്പോർട്ട് അവതരിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ, പി.ടി.എ പ്രസിഡൻറ് എ.ഹരിദാസ് , തീരദേശ വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ പി.കെ. രഞ്ജിനി, ജനപ്രതിനിധികളായ പി.വേണു, ബിന്ദു മുതിരക്കണ്ടത്തിൽ, ഇ കെ. ജുബീഷ്, സുധ കാവുങ്കൽ പൊയിൽ, സുധ എം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.പി. ഗിരീഷ്കുമാർ, അനിൽ പറമ്പത്ത്, വി.വി.ഗംഗാധരൻ, സി.പി. ആലി, ബാബു പഞ്ഞാട്ട് എന്നിവർ സംസാരിച്ചു.
ചെങ്ങോട്ട്കാവ് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ സ്വാഗതവും പ്രധാനാധ്യാപകൻ എം ജി ബൽരാജ് നന്ദിയും പറഞ്ഞു.