കോഴിക്കോട് ഭട്ട് റോഡില്‍ ഓടിക്കൊണ്ടിരിക്കെ കാർ കത്തി ഒരാൾ മരിച്ച സംഭവം; തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് റിപ്പോർട്ട്


കോഴിക്കോട് : ഭട്ട് റോഡ് ബീച്ചിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് കാരണമെന്ന് ഫൊറൻസിക് റിപ്പോർട്ട്. പുതിയാപ്പയിലുള്ള വർക്ക്‌ഷോപ്പിലേക്ക് പോകുംവഴിയായിരുന്നു അപകടം നടന്നത്. അതിനാൽ വർക്ക്‌ഷോപ്പിൽ ഉപയോഗിക്കുന്ന തീപ്പിടിത്തസാധ്യതയുള്ള എന്തെങ്കിലും വസ്തുക്കൾ കാറിലുണ്ടായിരുന്നോ എന്ന സംശയത്തെത്തുടർന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഫൊറൻസിക് റിപ്പോർട്ട് ശനിയാഴ്ച വെള്ളയിൽ പോലീസിന് കൈമാറി. സംശയാസ്പദമായി മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ഓടെ കോഴിക്കോട് ബീച്ചില്‍ നിന്ന് വെങ്ങാലി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്. തീപിടുത്തത്തെ തുടർന്ന് കാറിനുള്ളിൽ അകപ്പെട്ട ചേളന്നൂർ കുമാരസ്വാമി ചെലപ്രം റോഡിൽ പുന്നശ്ശേരി വീട്ടിൽ പി. മോഹൻദാസ് (68) വെന്തുമരിച്ചിരുന്നു.

തീപടര്‍ന്നതോടെ വാഹനം നിര്‍ത്തിയിരുന്നു. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഡോര്‍ തുറന്നെങ്കിലും സീറ്റ് ബെല്‍റ്റ് അഴിക്കാന്‍ കഴിഞ്ഞില്ല. തീ ആളിപ്പടര്‍ന്നതോടെ ആര്‍ക്കും അടുക്കാന്‍ പറ്റാത്ത അവസ്ഥയായി. തുടര്‍ന്ന് കാര്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ബീച്ച് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മോഹൻദാസിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചു. തുടർന്ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കരിച്ചു.