ധാർമ്മികിനായി കാവുംവട്ടത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ സമാഹരിച്ച തുക ചികിത്സാ ഫണ്ടിലേക്ക് കൈമാറി


കൊയിലാണ്ടി: ലുക്കീമിയ ബാധിച്ച കാവുംവട്ടത്തെ നാലുവയസുകാരന്‍ ധാര്‍മ്മികിനായി കാവുംവട്ടത്തെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സമാഹരിച്ച തുക ചികിത്സാ ഫണ്ടിലേക്ക് കൈമാറി. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷകള്‍ ഓടിയത് ധാര്‍മ്മികിന് വേണ്ടിയായിരുന്നു. കാവുംവട്ടം ഓട്ടോറിക്ഷാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമായിരുന്നു ഇത്.

ഓട്ടോറിക്ഷാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് ഷിജു കെ.കെയാണ് തുക കൈമാറിയത്. ധാര്‍മ്മിക് ചികിത്സാ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാസില്‍, കണ്‍വീനര്‍ ആര്‍.കെ.അനില്‍കുമാര്‍ എന്നിവര്‍ തുക ഏറ്റുവാങ്ങി. 21,780 രൂപയാണ് ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഒരു ദിവസം ഓടിയതിലൂടെ ധാര്‍മ്മികിനായി സമാഹരിച്ചത്.

ധാര്‍മ്മികിന്റെ ചികിത്സാ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനായി നാട്ടുകാരും വിവിധ സംഘടനകളും വൈവിധ്യമായ പ്രവര്‍ത്തനങ്ങളാണ് ഓരോ ദിവസവും നടത്തുന്നത്. തേങ്ങ വിറ്റും പച്ചക്കറി വിറ്റും കുറി നടത്തിയുമെല്ലാം വിവിധ സംഘടനകള്‍ പണം നല്‍കിയിട്ടുണ്ട്. തങ്ങളുടെ കുഞ്ഞ് ആവശ്യങ്ങള്‍ക്കായി കരുതി വച്ച തുക നല്‍കി കുരുന്നുകള്‍ പോലും ധാര്‍മ്മികിനായി കൈകോര്‍ത്തിരുന്നു.

കാവുംവട്ടത്തെ പി.എം.ബാബുവിന്റെയും രൂപയുടെയും മകനാണ് ധാര്‍മ്മിക്. നാലുവയസ് മാത്രമുള്ള ധാര്‍മ്മിക് കഴിഞ്ഞ രണ്ട് വര്‍ഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്നു.രോഗം ഭേദപ്പെട്ടു എന്നും നഴ്‌സറിയില്‍ പ്പോവാമെന്നുമെല്ലാം ഡോക്ടര്‍മാര്‍ പറഞ്ഞ ശേഷം പെട്ടെന്നൊരു ദിവസം പനി വരികയും പരിശോധനയെ തുടര്‍ന്ന് വീണ്ടും ലുക്കീമിയ തന്നെയാണെന്ന് വ്യക്തമാവുകയുമായിരുന്നു.

രോഗം വീണ്ടും വന്ന സാഹചര്യത്തില്‍ വിദഗ്ധ ചികിത്സയും മജ്ജ മാറ്റിവെയ്ക്കല്‍ ഉള്‍പ്പെടെ ചെയ്താലല്ലാതെ ജീവന്‍ രക്ഷിക്കാനാവില്ല എന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. ഇതിനായി ഏകദേശം 60 ലക്ഷത്തിന് മുകളിലുള്ള ഭീമമായ തുക സാമ്പത്തിക ബാധ്യത വരും. ഇത്രയും ഭീമമായ തുക നിര്‍ധനായ ബാബുവിനോ കുടുംബത്തിനോ താങ്ങാന്‍ കഴിയില്ല.

തുടര്‍ന്നാണ് ധാര്‍മ്മികിന്റെ ചികിത്സയ്ക്കുള്ള തുക കണ്ടെത്താനായി നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ചത്. കെ.മുരളീധരന്‍ എം.പി, ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ എന്നിവര്‍ രക്ഷാധികാരികളായി കാനത്തില്‍ ജമീല എം.എല്‍.എയുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കമ്മറ്റിക്കുവേണ്ടി യൂണിയന്‍ ബാങ്കിന്റെ കൊയിലാണ്ടി ശാഖയില്‍ സേവിംഗ്‌സ് എക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. നാലരവയസുകാരന്‍ ധാര്‍മ്മികിന്റെ മുഖത്തെ പുഞ്ചിരി മായാതിരിക്കാന്‍ നമുക്കും കൈകോര്‍ക്കാം.

ധാർമ്മികിന്റെ ചികിത്സാ ഫണ്ടിലേക്ക് പണം അയക്കാൻ താൽപ്പര്യപ്പെടുന്നവർക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ താഴെ:

ധാർമ്മിക് ചികിത്സാ സഹായ കമ്മിറ്റി, നടേരി

യൂണിയൻ ബാങ്ക്, കൊയിലാണ്ടി ശാഖ.

അക്കൗണ്ട് നമ്പർ: 6111 0201 0010 923

ഐ.എഫ്.എസ്.സി: UBIN0561118