‘കളക്ഷനുള്ള സിനിമകളില്ല, ചൂട് സഹിച്ച് രണ്ടരമണിക്കൂർ ഇരിക്കാനും വയ്യ’; കൊയിലാണ്ടിയിലെ ദ്വാരകയിലും അമ്പാടിയിലും സിനിമാ പ്രദർശനം നിർത്തിയിട്ട് ദിവസങ്ങൾ
`
കൊയിലാണ്ടി: കൊയിലാണ്ടിയിലെ തിയേറ്ററുകളിൽ സിനിമാ പ്രദർശനം നിർത്തിയതിനെ തുടർന്ന് പ്രതിസന്ധിയിലായി സിനിമാ പ്രേമികൾ. നഗരത്തിലെ അവശേഷിക്കുന്ന തിയേറ്ററുകളായ ദ്വാരകളിലും അമ്പാടിയിലുമാണ് ദിവസങ്ങളായി ഷോ നിർത്തിയത്. സിനിമ കിട്ടാത്തതും കാണികളുടെ എണ്ണത്തിലുള്ള കുറവുമാണ് പ്രദർശനം താത്ക്കാലികമായി നിർത്തിവെക്കാൻ കാരണമായതെന്ന് തിയേറ്റർ അധീകൃതർ പറയുന്നു.
കൊയിലാണ്ടിയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള തിയേറ്ററുകളാണ് ദ്വാരകയും അമ്പാടിയും. ഒരു കാലത്ത് സിനിമാ പ്രേമികളുടെ കേന്ദ്രമായിരുന്നു ഇവിടങ്ങൾ. എന്നാൽ ഇന്ന് സ്ഥിതി മാറി. കളക്ഷനുള്ള സിനിമകൾ എത്താത്തതും മികച്ച സൗകര്യങ്ങളുള്ള തിയേറ്ററുകൾ തേടി ആളുകൾ പോകുന്നതും തിയേറ്ററിന്റെ പ്രവർത്തനത്തെ ബാധിച്ചെന്ന് ദ്വാരക തിയേറ്ററിന്റെ മാനേജർ പ്രകാശൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
നാൽപ്പത് വർഷത്തിലധികമായി പ്രവർത്തിക്കുന്ന തിയേറ്ററാണ് ദ്വാരക. കളക്ഷൻ കുറഞ്ഞതോടെ കഴിഞ്ഞ 20 ദിവസമായി തിയേറ്ററിൽ പ്രദർശനം മുടങ്ങിയിട്ട്. വിഷു എത്തുന്നതോടെ തിയേറ്റർ വീണ്ടും സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു. എസി ഇല്ലാത്തതിനാൽ ചുട് സഹിച്ച് രണ്ടര മണിക്കൂർ തിയേറ്ററിനുള്ളിൽ ഇരിക്കുന്നതിനും കാണികൾക്ക് താത്പര്യമില്ല. അതിനാൽ തന്നെ തിയേറ്ററിൽ എത്തുന്നവരുടെ എണ്ണവും കുറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ചവരെ അമ്പാടി തിയേറ്ററിൽ സിനിമാ പ്രദർശനം ഉണ്ടായിരുന്നു. എന്നാൽ പുതിയ ചിത്രം കിട്ടാത്തതിനാലാണ് താത്ക്കാലികമായി പ്രദർശനം മുടങ്ങിയതെന്ന് അമ്പാടി തിയേറ്ററുമായി ബന്ധപ്പെട്ടവർ പറയുന്നു. സിനിമ ലഭിച്ചാൽ അടുത്ത് തന്നെ പ്രദർശനം പുനരാരംഭിക്കുമെന്നും അവർ വ്യക്തമാക്കി.
പണ്ട് അഞ്ച് തിയേറ്ററുകൾ ഉണ്ടായിരുന്ന നഗരമായിരുന്നു കൊയിലാണ്ടി. ഇന്നത് രണ്ടായി കുറഞ്ഞു. കത്തിപ്പോതയതിനെ തുടർന്നാണ് പതിറ്റാണ്ടുകൾക്ക് മുന്നേ വിക്ടറി തിയേറ്റർ പ്രവർത്തനം ന്രത്തുന്നത്. ചിത്ര തിയേറ്റർ പൊളിച്ച് മാറ്റുകയായിരുന്നു. കൃഷ്ണ തിയേറ്റർ ഉണ്ടെങ്കിലും വർഷങ്ങളായി അത് അടഞ്ഞുകിടക്കുകയാണ്. നിലവിൽ അവശേഷിക്കുന്നവയാണ് അമ്പാടിയും ദ്വാരകയും. അതിലും പ്രദർശനം നിർത്തിയതോടെ കിലോമീറ്ററുകൾ സഞ്ചരിച്ച് കോഴിക്കോട്, ബാലുശ്ശേരി, പേരാമ്പ്ര, വടകര എന്നിവിടങ്ങിൽ പോയി വേണം സിനിമ കാണാൻ.