പഴക്കമില്ലാത്ത ഓർമ്മകളുമായി അവർ വീണ്ടുമെത്തി… മുചുകുന്ന് കോളേജിലെ 1987-88 ബാച്ചിലെ വിദ്യാർത്ഥികൾ ഒത്തുകൂടി


കൊയിലാണ്ടി: ഗൃഹാതുരമായ ഓർമ്മകളോടെ അവർ വീണ്ടും ഒത്തുകൂടിയപ്പോൾ അവിടേക്ക് ഒഴുകിയെത്തിയത് ക്യാമ്പസ് കാലത്തെ ഒരുപിടി നല്ല ഓർമ്മകളാണ്. മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന എസ്.എ.ആർ.ബി.ടിഎം ഗവ. കോളേജിലെ 1987-88 ബാച്ചിൽ പഠിച്ചിരുന്ന പൂർവ്വ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം കോളേജിൽ വീണ്ടും സംഗമിച്ചത്.

പരിപാടി അതേ ബാച്ചിലെ വിദ്യാർത്ഥിയും ഇപ്പോൾ കോളേജിന്റെ പ്രിൻസിപ്പളുമായ ഷാജി.സി.വി ഉദ്ഘാടനം ചെയ്തു. അഡ്വ. മീന ശങ്കർ അധ്യക്ഷയായി. റഷീദലി, നസീം പുനത്തിൽ, അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു.

പ്രശസ്ത കീ ബോർഡിസ്റ്റും ബാച്ച് അംഗവുമായ ജയപ്രസാദിന്റെ നേതൃത്വത്തിൽ ബാച്ചിലെ അംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ സംഗീതവിരുന്നും വന്നവരിൽ ഗൃഹാതുരതയുണർത്തി. വിട പറഞ്ഞവർക്ക് സ്മരണാജ്ഞലി നേർന്നുകൊണ്ട് മുചുകുന്നോർമ്മ – 22 എന്ന പേരിൽ നടന്ന ഒത്തുചേരലിൽ നൂറിലേറെ പേർ പങ്കെടുത്തു.

ഡി.വൈ.എഫ്.ഐ മുചുകുന്ന് നടത്തിയ ബിരിയാണി ചലഞ്ചിൽ പങ്കെടുത്തുകൊണ്ടാണ് ഒത്തുചേരാനെത്തിയവർക്ക് ഉച്ചഭക്ഷണം ഒരുക്കിയത്. വികാരനിർഭരമായ വിട പറയൽ ചടങ്ങോടെ വൈകുന്നേരമാണ് പരിപാടി അവസാനിച്ചത്.