പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒന്നിച്ച് നവീകരിച്ച പാറക്കാട് ജി എല്‍ പി സ്‌കൂള്‍ നാടിന്‌ സമര്‍പ്പിച്ചു


മൂടാടി: പൂര്‍വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നവീകരിച്ച പുറക്കല്‍ പാറക്കാട് ജി എല്‍ പി സ്‌കൂള്‍ നാടിനായി സമര്‍പ്പിച്ചു. വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സ്‌കൂള്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്‍ത്ഥികളും പ്രധാന അധ്യാപകരും ചേര്‍ന്ന് പൊതു വിദ്യാലയം നവീകരിക്കുക വഴിസമൂഹത്തില്‍ മികച്ച മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും മികച്ച അടിസ്ഥാന സൗകര്യ വികസനങ്ങള്‍ സാധ്യമാക്കിയ അവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് പുതുതലമുറയ്ക്ക് ഒരു മാതൃകാ വിദ്യാലയം ഒരുക്കുക എന്ന ലക്ഷ്യത്തില്‍ രണ്ടര മാസം കൊണ്ട് പത്ത് ലക്ഷത്തോളം രൂപ സ്വരൂപിച്ചാണ് പൂര്‍വ വിദ്യാര്‍ത്ഥികള്‍ വിദ്യാലയം നവീകരിച്ചത്. നവീകരിച്ച സ്‌കൂള്‍ ഹാളിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച മന്ത്രി പ്രധാന അധ്യാപകന്‍ എംകെ ചന്ദ്രനെ ആദരിച്ചു. സ്‌കൂളില്‍ ഒരുക്കിയ ഗാന്ധിജിയുടെ ഛായാ ചിത്ര അനാച്ഛാദനവും മുഖ്യ പ്രഭാഷണവും കെ മുരളീധരന്‍ എംപി നിര്‍വഹിച്ചു.

നവീകരിച്ച ഐ.ടി ലാബിന്റെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാറും നവീകരിച്ച ക്ലാസ്സ് റൂം ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചൈത്ര വിജയനും നിര്‍വഹിച്ചു. വാര്‍ഡ് മെമ്പറും പൂര്‍വവിദ്യാര്‍ഥി സംഘടന ചെയര്‍മാനുമായ പപ്പന്‍ മൂടാടി നവീകരിച്ച വിദ്യാലയരേഖ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാറിനു കൈമാറി.

സ്‌കൂളില്‍ ഒരുക്കിയ ഗാന്ധിജിയുടെ ഛായാ ചിത്ര അനാച്ഛാദനവും മുഖ്യ പ്രഭാഷണവും കെ മുരളീധരന്‍ എംപി നിര്‍വഹിച്ചു.
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കവിയും പ്രഭാഷകനുമായ രമേശ് കാവില്‍ മുഖ്യാതിഥിയായി.

വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ താളിക്കാട്ടില്‍, വാര്‍ഡ് മെമ്പര്‍ അഡ്വ. ഷഹീര്‍, എസ്.എസ്.ജി ചെയര്‍മാനും പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രക്ഷാധികാരിയുമായ ചേനോത്ത് രാജന്‍, പി.ടി.എ പ്രസിഡന്റ് എന്‍.വി പ്രകാശന്‍, പൗര പ്രമുഖര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. പൂര്‍വവിദ്യാര്‍ഥി സംഘടന ചെയര്‍മാന്‍ പപ്പന്‍ മൂടാടി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.എം കുമാരന്‍ നന്ദിയും പറഞ്ഞു.