കോതമംഗലം ജി എല്‍ പി സ്‌കൂളിന് സമീപം സ്ഥാപിച്ച ശിലാഫലകത്തില്‍ പേരെഴുതിയത് പ്രോട്ടക്കോള്‍ ലംഘിച്ചെന്ന് ആരോപണം; കൊയിലാണ്ടി നഗരസഭാ യോഗം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം


കൊയിലാണ്ടി: കോതമംഗലം ജി .എല്‍.പി. സ്‌കൂളില്‍ സ്ഥാപിച്ച ശിലാഫലകത്തില്‍ കൗണ്‍സിലറുടെ പേര് എഴുതിയത് പ്രോട്ടോക്കോള്‍ ലംഘിച്ചാണെന്ന പരാതിയില്‍ കൊയിലാണ്ടി നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇതേച്ചൊല്ലിയുളള തര്‍ക്കം ഉണ്ടായത്.

കോതമംഗലം ജി.എല്‍.പി. സ്‌കൂളിന് മുന്‍വശത്തെ പൊതുകിണര്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പി.ടി.എ.യുടെ നേതൃത്വത്തില്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി സ്‌കൂളിന് സമീപം സ്ഥാപിച്ച ശിലാഫലകത്തില്‍ വാര്‍ഡ് കൗണ്‍സിലറുടെ പേര് പ്രേട്ടോക്കോള്‍ പ്രകാരമല്ല നല്‍കിയതെന്ന് പ്രതിഷേധിച്ചാണ് യോഗത്തില്‍ ബഹളം ഉണ്ടായത്.

31 ാം വാര്‍ഡ് കൗണ്‍സിലര്‍ എം. ദൃശ്യയാണ് കൗണ്‍സിലറുടെ പേര് പി.ടി.എ. പ്രസിഡന്റിന്റെയും പ്രധാനാധ്യാപകന്റെയും പേരിന് താഴെ രേഖപ്പെടുത്തിയത് പ്രോട്ടക്കോള്‍ ലംഘനമാണെന്ന് ആരോപിച്ച് നഗരസഭാ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.

2023 ഡിസംബര്‍ 14-ന് കാനത്തില്‍ ജമീലയാണ് ശിലാ ഫലകം അനാച്ഛാദനം ചെയ്തത്. മുഖ്യാതിഥിയായി കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് പങ്കെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. അന്നു തന്നെ പ്രോട്ടോക്കോള്‍ പ്രകാരമല്ല ഫലകത്തില്‍ പേര് രേഖപ്പെടുത്തിയതെന്ന് സ്‌കൂള്‍ എച്ച്.എംനോട് സൂചിപ്പിച്ചതായി വാര്‍ഡ് കൗണ്‍സിലര്‍ എം. ദൃശ്യ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

രണ്ട് ദിവസമായിട്ടും ഫലകത്തില്‍ പ്രോട്ടോക്കോള്‍ പ്രകാരം രേഖപ്പെടുത്താത്തതിനെ തുടര്‍ന്ന് 18 ന് നഗരസഭ ചെയര്‍പേഴ്‌സണും സെക്രട്ടറിയ്ക്കും പരാതി കൊടുത്തതായും ദൃശ്യ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്നാല്‍ പിന്നീട് യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്നും ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ ദിവസവും ഈ വിഷയം ഉന്നയിച്ചിരുന്നെന്നും ദൃശ്യ പറഞ്ഞു.

രണ്ട് മാസത്തോളമായി സംഭവത്തില്‍ യാതൊരു നടപടിയും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് പി. രത്‌നവല്ലി, ഉപനേതാവ് വി.പി. ഇബ്രാഹിംകുട്ടി എന്നിവരുടെ നേതൃത്വത്തില്‍ യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്നലെയും സെക്രട്ടറിയ്ക്ക് ഫലകം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയതായും ദൃശ്യ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.