പൊതുജനങ്ങള്‍ക്കായി നഗരസഭയില്‍ ഓണ്‍ലൈന്‍ സേവനം; നവീകരിച്ച കെ സ്മാര്‍ട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു


കൊയിലാണ്ടി: നഗരസഭ ഓഫീസില്‍ നവീകരിച്ച കെ സ്മാര്‍ട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭയില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങളില്‍ സഹായിക്കുന്നതിനാണ് കുടുംബശ്രീയുടെ സഹകരണത്തോടുകൂടി ഫെസിലിറ്റേഷന്‍ സെന്റര്‍ നവീകരിച്ചത്.

നഗരസഭയില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ കെ സ്മാര്‍ട്ട് എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് ജനുവരി 1 മുതല്‍ നല്‍കുന്നത്. ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിച്ചു.

നഗരസഭാ സെക്രട്ടറി ഇന്ദു എസ് ശങ്കരി കെ.എ.എസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ ഷിജു മാസ്റ്റര്‍, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ രത്‌നവല്ലി ടീച്ചര്‍, വി.പി ഇബ്രാഹിം കുട്ടി, കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ വി. രമിത എന്നിവര്‍ സംസാരിച്ചു.