കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ അജ്ഞാതവസ്തു ശരീരത്തില്‍ കുടുങ്ങിയെന്ന് ആരോപണം; അത്തോളി സ്വദേശിയുടെ പരാതിയില്‍ ആശുപത്രി അധികൃതര്‍ തെളിവെടുപ്പ് നടത്തി


അത്തോളി: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്കു പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിന് നേരെ വീണ്ടും ആരോപണം. ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തില്‍ കുടുങ്ങിയതായി ആരോപിച്ച് രോഗിയും കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആവശ്യപ്പെട്ട പ്രകാരം തിങ്കളാഴ്ച രോഗിയെ വിളിച്ചുവരുത്തി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ തെളിവെടുത്തു.

അത്തോളി ചീക്കിലോട് കോറോത്ത് അശോകനാ(60)ണ് ബൈപ്പാസ് ശസ്ത്രക്രിയക്കിടെ അജ്ഞാതവസ്തു ശരീരത്തില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് അഞ്ചുവര്‍ഷമായി ദുരിതമനുഭവിക്കുന്നതായി മുഖ്യമന്ത്രിക്ക് പരാതിനല്‍കിയത്. നെഞ്ചുവേദനയെത്തുടര്‍ന്ന് 2018 ഓഗസ്റ്റിലാണ് മെഡിക്കല്‍ കോളേജില്‍ ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത്. എന്നാല്‍, ആശുപത്രി വിട്ടിട്ടും മുറവുണങ്ങാതെ ഇതില്‍നിന്ന് രക്തവും നീരും ഒലിക്കുകയായിരുന്നു. നാലുതവണയായി വീണ്ടും മെഡിക്കല്‍ കോളേജിലെത്തി ഡോക്ടര്‍മാരെ കണ്ടെങ്കിലും ഫലമുണ്ടായില്ല.

പിന്നീട് പല ഡോക്ടര്‍മാരെയും കണ്ട് ചികിത്സ നടത്തിയെങ്കിലും മുറിവുണങ്ങിയില്ല. ഒടുവില്‍ മലബാര്‍ മെഡിക്കല്‍ കോളേജിലെത്തി ഡോക്ടറെ കണ്ടപ്പോഴാണ് സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്. സ്‌കാനിങ്ങില്‍ ഹൃദയത്തിനു താഴെയായി ബാഹ്യവസ്തു കിടക്കുന്നത് കണ്ടെത്തി. തുടര്‍ന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ശസ്ത്രക്രിയനടത്തി അത് പുറത്തെടുത്തു. ഇതോടെ രക്തവും നീരും മറ്റും വരുന്നത് നിന്നതായും മുറിവുണങ്ങിയതായും അശോകന്‍ പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ ബൈപാസ് ശസ്ത്രക്രിയയുടെ വിവരങ്ങള്‍, എം.ആര്‍.ഐ സ്‌കാന്‍ റിപ്പോര്‍ട്ട് അടക്കമുള്ള രേഖകളുമായാണ് അശോകന്‍ തെളിവെടുപ്പിനെത്തിയത്. കാര്‍ഡിയോ വാസ്‌കുലര്‍ തൊറാസിക് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് തെളിവെടുപ്പ് നടത്തിയത്. ഒരുമണിക്കൂറോളം നീണ്ട തെളിവെടുപ്പില്‍ എല്ലാ രേഖകളും പരിശോധിച്ചു. ഒരു എക്‌സ്‌റേ കൂടി എടുപ്പിച്ചശേഷം വീണ്ടും പരിശോധിച്ചു.

എം.ആര്‍.ഐ സ്‌കാന്‍ വിദഗ്ധ പരിശോധനയ്ക്ക് കൂടി വിധേയമാക്കി റിപ്പോര്‍ട്ട് ലഭിച്ചശേഷം അവസാന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുമെന്ന് സി.വി.ടി.എസ് വിഭാഗം മേധാവി അറിയിച്ചു.