എ.കെ.ജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായത് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍
തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. മണ്‍വിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിന്‍.
ഇയാളെ കവടിയാറിലെ ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തുവരികയാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തെ തന്നെ ക്രൈം ബ്രാഞ്ച് ആരംഭിച്ചിരുന്നു.
സംഭവത്തില്‍ ജിതിന്റെ പേര് പ്രാരംഭഘട്ടത്തില്‍ ഉയര്‍ന്നു കേട്ടിരുന്നു. ഇപ്പോള്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ ജൂലൈ 30 ന് അര്‍ദ്ധരാത്രിയിലാണ് എ.കെ.ജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. 30ന് രാത്രി 11.45ഓടെയാണ് ഇരുചക്രവാഹനത്തില്‍ എത്തിയയാള്‍ എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ആക്രമണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
summary: AKG center attack youth congress leader in crime branch custody