”രണ്ടര വര്‍ഷത്തെ വൈസ് പ്രസിഡന്റ് ജീവിതത്തിന് വിരാമം” ചേമഞ്ചേരി പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അജ്‌നഫ്; പദവിയൊഴിയുന്നത് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്ന സംതൃപ്തിയോടെ


ചേമഞ്ചേരി: ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് അജ്‌നഫ്. എല്‍.ഡി.എഫ് അധികാരമേറ്റെടുത്ത സമയത്തുണ്ടാക്കിയ ധാരണപ്രകാരം എല്‍.ജെ.ഡിക്ക് വൈസ് പ്രസിഡന്ററ് സ്ഥാനം കൈമാറുന്നതിനായാണ് രാജി.

”ജനങ്ങളും പാര്‍ട്ടിയും എന്നിലേല്‍പ്പിച്ച ദൗത്യങ്ങള്‍ പരമാവധി നന്നായി നിര്‍വഹിച്ചിട്ടുണ്ടെന്നാണ് വിശ്വസിക്കുന്നത്.” എന്ന് അജ്‌നഫ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രാഷ്ട്രീയ രംഗത്തോ പഞ്ചായത്ത് ഭരണകാര്യങ്ങളിലോ അത്ര വലിയ പരിചയ സമ്പത്തോ അനുഭവ സമ്പത്തോ ഇല്ലാതെയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നത്. എന്നിരുന്നാലും ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്ന് തന്നെയാണ് വിശ്വാസം. മറ്റ് പഞ്ചായത്തംഗങ്ങളുടെ സ്‌നേഹവാത്സല്യം നിറഞ്ഞ പിന്തുണ എന്നുമുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചായത്തിലെ പത്താം വാര്‍ഡായ വെങ്ങളത്തുനിന്നും ജയിച്ചു കയറിയാണ് അജ്‌നഫ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. നാലാം വാര്‍ഡായ തുവ്വക്കോട് നിന്നുള്ള എല്‍.ജെ.ഡി അംഗമായ ഷീല.എം ആയിരിക്കും അടുത്ത വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുക. നിലവില്‍ വികസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആണ് ഷീല.