ഡീപ് ഫെയ്ക്കും ശബ്ദാനുകരണവും മാത്രമല്ല, ഇനി കൈപ്പട കോപ്പിയടിക്കാനും എഐ; ആളുകളുടെ കയ്യെഴുത്ത് രീതിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി അനുകരിക്കാം
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നാം പോലുമറിയാതെ പതിയെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുകയറിക്കഴിഞ്ഞു. എഐ ഉപയോഗിച്ച് ഒരാളുടെ ശബ്ദം അതേപടി അനുകരിക്കാനും ഡീപ്പ് ഫേക്ക് വീഡിയോകള്‍ പോലുള്ളവ നിഷ്പ്രയാസം നിര്‍മ്മിക്കാനും സാധിക്കുമെന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞ കാര്യമാണ്. ഇപ്പോള്‍ മറ്റൊരു വലിയ കണ്ടെത്തലാണ് എഐ ഉപയോഗിച്ച് നടത്തിയിരിക്കുന്നത്. ശബ്ദവും ശാരീരിക ചേഷ്ടകളുമെന്നപോലെ ഒരാളുടെ കയ്യെഴുത്ത് രീതിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി അനുകരിക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് അബുദാബിയിലെ മൊഹമ്മദ് ബിന്‍ സയ്യിദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ഒരു പറ്റം ഗവേഷകര്‍.
ഒരു വ്യക്തിയുടെ കയ്യെഴുത്ത് രീതി അതേപടി അനുകരിക്കാനാവുന്ന എഐ ആണ് ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. സ്വന്തം കൈപ്പടയില്‍ ഒരാള്‍ എഴുതിയ ഏതാനും വാക്യങ്ങളില്‍ നിന്ന് തന്നെ അയാളുടെ കയ്യെഴുത്ത് മനസിലാക്കാനും അത് അനുകരിച്ച് അതേപോലെ എഴുതാനും ഈ എഐയ്ക്ക് സാധിക്കും. ഒരു ട്രാന്‍സ്‌ഫോര്‍മര്‍ മോഡല്‍ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്. ഇത്തരം സാങ്കേതിക വിദ്യയ്ക്ക് യുഎസ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ നിന്ന് പേറ്റന്റ് ലഭിക്കുന്ന ആദ്യത്തെ എഐ സര്‍വകലാശാലയാണ് കൂടിയാണ് തങ്ങളുടേതെന്ന് എംബിസെഡ്‌യുഎഐ ഗവേഷണ സംഘം അവകാശപ്പെടുന്നുണ്ട്.
കൈക്ക് പരിക്കേറ്റ ഒരാള്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതുന്നതിനും, ഡോക്ടര്‍മാരുടെ മരുന്നുകുറിപ്പുകള്‍ വായിച്ചെടുക്കാനും കൈക്ക് പരിക്കേറ്റയാള്‍ക്ക് സ്വന്തം കൈപ്പടയില്‍തന്നെ എഴുതാനുമെല്ലാം ഇത് വഴി സാധിക്കും. ഗുണകരമായ വശങ്ങളുണ്ടെങ്കിലും ഇതിന്റെ തെറ്റായ ഉപയോഗം ഭീഷണി ആകുമോ എന്ന ആശങ്കയും ഗവേഷകര്‍ക്ക് തന്നെയുണ്ട്.
അധികം വൈകാതെ തന്നെ ഈ സാങ്കേതികവിദ്യയുടെ വിവിധ ഉപയോഗസാധ്യതകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ ഗവേഷകര്‍ വാണിജ്യ പങ്കാളികളെ അന്വേഷിക്കുന്നുണ്ട്. പൊതുമധ്യത്തില്‍ ലഭ്യമായ കയ്യെഴുത്തുകള്‍ ഉപയോഗിച്ച് പരിശീലിച്ച എഐയ്ക്ക് നിലവില്‍ ഇംഗ്ലീഷിലുള്ള എഴുത്തുകള്‍ പഠിക്കാനും എഴുതാനും സാധിക്കും. അറബി ഭാഷയും പരിശീലിപ്പിക്കുന്നുണ്ട്.