കുരങ്ങ് വസൂരിക്ക് പിന്നാലെ കേരളത്തിൽ ആഫ്രിക്കന്‍ പന്നിപ്പനിയും; വയനാട് മാനന്തവാടിയില്‍ രോഗം സ്ഥിരീകരിച്ചു; പന്നിഫാമുകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ നിര്‍ദേശം
മാനന്തവാടി: കേരളത്തിൽ കുരങ്ങ് വസൂരിക്ക് പിന്നാലെ ആഫ്രിക്കൻ പന്നിപ്പനിയും സ്ഥിരീകരിച്ചു. വയനാട് മാനന്തവാടിയിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നിഫാമിലാണ് രോഗം സ്ഥിരീകരിച്ചത്. പന്നികള്‍ കൂട്ടത്തോടെ ചത്ത സാഹചര്യത്തില്‍ ഭോപ്പാലിലേക്ക് അയച്ച സാമ്പിൾ പരിശോധിച്ചപ്പോഴാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്.
മനുഷ്യരിലേക്ക് പടരുന്ന വൈറസല്ലെങ്കിലും പന്നികളില്‍ മാരകമായി ബാധിക്കുന്ന വൈറസാണിതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ പന്നിഫാമുകളിലും നിരീക്ഷണം കര്‍ശനമാക്കാന്‍ നിര്‍ദേശമുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പന്നികളെ കൊണ്ടുവരുന്നത് വിലക്കാനും മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലക്ഷണങ്ങള്‍
- കഠിനമായ പനി
- തീറ്റയെടുക്കാതിരിക്കല്‍
- തൊലിപ്പുറത്തെ രക്തസ്രാവം
- വയറിളക്കം
ആഫ്രിക്കൻ പന്നിപ്പനിക്ക് പ്രതിരോധമരുന്നുകള്‍ ഇല്ലാത്തതിനാല്‍ രോഗം ബാധിച്ചവയെ കൊന്നുകളയുകയാണ് ചെയ്യുന്നത്.