താമസം ഇനിയൊരു ആശങ്കയല്ല; കോഴിക്കോടെത്തുന്ന വനിതകള്‍ക്ക് ഇനി മുതല്‍ മിതമായ നിരക്കില്‍ സുരക്ഷിത താമസ സൗകര്യം


കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ക്കായി കോഴിക്കോട് നഗരത്തിലെത്തുന്ന വനിതകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിത താമസ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ഷീ ലോഡ്ജും വനിതാ ഹോസ്റ്റലും പ്രവര്‍ത്തന സജ്ജമായി. ലോഡ്ജിന്റെയും ഹോസ്റ്റലിന്റെയും പ്രവേശനോത്സവ ഉദ്ഘാടനം വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പദ്ധതിയാണിത്. ഇവിടെ താമസിക്കുന്നവരുടെ പ്രതികരണം അറിയിക്കാനുള്ള സംവിധാനം കൂടി ഒരുക്കണമെന്നും പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ കോര്‍പ്പറേഷനെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലുള്ള ഷീ ലോഡ്ജ് കെട്ടിടത്തില്‍ ഡോര്‍മെറ്ററി മുതല്‍ എസി ഡീലക്‌സ് മുതല്‍ ഡബിള്‍ ബെഡ് വരെയുള്ള സൗകര്യങ്ങള്‍ ഒരു ദിവസത്തിന് 100 രൂപ മുതല്‍ 2250 രൂപ വരെയുള്ള വിവിധ നിരക്കുകളിലാണ് ഒരുക്കിയത്. സ്ത്രീകള്‍ക്ക് സാമ്പത്തികനിലയനുസരിച്ച് അനുയോജ്യമായ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താം. ബുക്കിംഗിന് ഓണ്‍ലൈന്‍ സൗകര്യവുമുണ്ട് (www.shehomes.in, [email protected]). താമസത്തിനെത്തുന്നവര്‍ക്ക് മിതമായ നിരക്ക് ഈടാക്കി ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.

ജോലിക്കാരായ വനിതകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിതവും സൗകര്യപ്രദവുമായ താമസത്തിനായി നിര്‍മ്മിച്ച മാങ്കാവിലെ ഹൈമവതി തായാട്ട് സ്മാരക വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ രണ്ടു പേര്‍ക്ക് വീതം താമസിക്കാന്‍ കഴിയുന്ന ബെഡ്‌റൂമുകളും നാല് പേര്‍ക്ക് താമസിക്കാന്‍ കഴിയുന്ന ബെഡ്‌റൂമുകളുമാണ് സജ്ജീകരിച്ചത്. താമസത്തോടൊപ്പം ഭക്ഷണവും ഹോസ്റ്റലില്‍ ലഭ്യമാക്കും.

കുടുംബശ്രീ യൂണിറ്റുകളായ ഷീ വേള്‍ഡ്, സാഫല്യം അയല്‍ക്കൂട്ടം എന്നിവര്‍ക്കാണ് യഥാക്രമം ഷീ ലോഡ്ജിന്റെയും വനിതാ ഹോസ്റ്റലിന്റെയും നടത്തിപ്പ് ചുമതല.

പരിപാടിയില്‍ മേയര്‍ എം ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി സി രാജന്‍, പി ദിവാകരന്‍, പി കെ നാസര്‍, ഡോ. എസ് ജയശ്രീ, കൃഷ്ണകുമാരി, സി രേഖ, ഒ പി ഷിജിന, കൗണ്‍സിലര്‍മാര്‍, മുന്‍ മേയര്‍ എം എം പത്മാവതി, കോര്‍പ്പറേഷന്‍ ജോയിന്റ് സെക്രട്ടറി സോമശേഖരന്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.