”ടിക് ടോക് വീഡിയോകള്‍ കണ്ട് ആളുകള്‍ അഭിനന്ദിച്ചു തുടങ്ങിയപ്പോഴാണ് അഭിനയം വഴങ്ങുമെന്ന് തിരിച്ചറിഞ്ഞത് ” മൃണാളിനിയില്‍ നായികാവേഷത്തിലൂടെ തിളങ്ങിയ കൊയിലാണ്ടി സ്വദേശിനി രഞ്ജുഷ സംസാരിക്കുന്നു


കൊയിലാണ്ടി: ”ടിക് ടോക് തുടങ്ങിയതോടെ ഒരു തമാശയെന്ന മട്ടില്‍ ചെയ്തതാണ് ചില വീഡിയോകള്‍. അതുകൊണ്ട് ആളുകള്‍ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ തുടങ്ങിയതോടെയാണ് അഭിനയം വഴങ്ങുമെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ ചില അവസരങ്ങള്‍ ലഭിച്ചപ്പോള്‍ മടി കാട്ടിയതുമില്ല.” കൊയിലാണ്ടി സ്വദേശിയായ വീട്ടമ്മ സിനിമകളുടെ വലിയ ലോകത്തിലേക്ക് എത്തിയ കഥ പറയുകയാണ്. ആനക്കുളം സ്വദേശി റോബിന്‍ ബി.ആര്‍ സംവിധാനം ചെയ്ത മൃണാളിനിയെന്ന ഹ്രസ്വചിത്രത്തിലെ നായികവേഷത്തിലൂടെ കയ്യടി നേടുകയാണ് രഞ്ജുഷയിന്ന്.

ഫോട്ടോഗ്രാഫറായ കിഷോര്‍ മാധവന്‍ വഴിയാണ് ഈ ചിത്രത്തിലേക്ക് എത്തിപ്പെട്ടതെന്നാണ് രഞ്ജുഷ പറയുന്നത്. മൃണാളിനിയില്‍ തുടക്കക്കാര്‍ ചെയ്യാന്‍ മടി കാണിക്കുന്ന അഭിസാരികയുടെ വേഷത്തിലാണ് രഞ്ജുഷ എത്തുന്നത്. തീം നേരത്തെയും ചില സിനിമകളില്‍ കണ്ടിട്ടുണ്ടെങ്കിലും സംഭാഷണത്തിലെയും സ്‌ക്രിപ്റ്റിലെയും പുതുമകൊണ്ട് മൃണാളിനി ഏറെ ആസ്വാദ്യകരമാണെന്നാണ് ചിത്രം കണ്ടവര്‍ പറഞ്ഞതെന്ന് രഞ്ജുഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. നടി എന്ന നിലയിലുള്ള തന്റെ പ്രകടനം ആളുകള്‍ക്ക് ഇഷ്ടമായതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

കൊയിലാണ്ടിയുടെ രാത്രികളുടെ ഭംഗി ഒപ്പിയെടുത്ത ദൃശ്യങ്ങളാണ് മൃണാളിനിയുടേതെന്നും രഞ്ജുഷ പറയുന്നു. ബസ് സ്റ്റാന്റ് പരിസരത്തും മാരാമുറ്റം തെരുവിലുമൊക്കെയാണ് ചിത്രം ഷൂട്ട് ചെയ്തത്. നാലുദിവസമെടുത്താണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ മൂന്നുനാലുമണിവരെ നീളുന്ന ഷൂട്ടിങ് മികച്ച അനുഭവമായിരുന്നെന്നും അവര്‍ പറഞ്ഞു.


Also Read: കൊയിലാണ്ടിയുടെ പശ്ചാത്തലത്തിൽ ഒരു ഷോർട്ട് ഫിലിം; ആനക്കുളം സ്വദേശി റോബിന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം ‘മൃണാളിനി’ പുറത്തിറങ്ങി


ടിക് ടോക് തുടങ്ങിയ കാലം മുതല്‍ക്കുതന്നെ ചെറു വീഡിയോകള്‍ ചെയ്യുമായിരുന്നു. ആളുകള്‍ അത് കണ്ട് നല്ല അഭിപ്രായം പറഞ്ഞതോടെ ആത്മവിശ്വാസമായി. സ്മികേഷ് മൊകവൂരിന്റെ ഷോര്‍ട്ട് ഫിലിമിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. ദേവരാജ് ദേവിന്റെ അവസ്ഥ എന്ന വെബ് സീരീസില്‍ സിലിബ്രിറ്റി എന്ന എപ്പിസോഡില്‍ ഒരു കഥാപാത്രമായി അഭിനയിച്ചതോടെ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.

രാത്രി, ഇന്റര്‍വെല്‍, ടീയേഴ്‌സ്, കോടതിയില്‍വെച്ചു കാണാം, എല്‍.എല്‍.ബി എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പ്രണവ് മോഹന്‍ ഡയറക്ട് ചെയ്ത പരസ്യ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

കൊയിലാണ്ടി നടേലക്കണ്ടി രാജീവിന്റെയും പങ്കജത്തിന്റെയും മകളായ രഞ്ജുഷ വിവാഹിതയാണ്. ഭര്‍ത്താവ് കാരപ്പറമ്പ് സ്വദേശ് പ്രതീഷ് മഞ്ജുഷയ്ക്ക് എല്ലാവിധ പിന്തുണയുമായി കൂടെയുണ്ട്. അഭിനയ രംഗത്ത് കൂടുതല്‍ മികച്ച അവസരങ്ങള്‍ കാത്തിരിക്കുകയാണെന്നും രഞ്ജുഷ പറയുന്നു.