‘നടന്‍ ഇന്നസെന്റ് അന്തരിച്ചു, ആദരാഞ്ജലികള്‍’; സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്


Advertisement

കൊച്ചി: നടന്‍ ഇന്നസെന്റ് മരിച്ചതായുള്ള വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ എല്ലാ സാമൂഹ്യമാധ്യമങ്ങളിലും മരിച്ച വാര്‍ത്തയും ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നും ഇന്നസെന്റ് ഇപ്പോഴും ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ലേക് ഷോര്‍ ആശുപത്രി വ്യക്തമാക്കി.

Advertisement

ഇന്ന് വൈകുന്നേരം മുതലാണ് ഇന്നസെന്റ് മരിച്ചതായുള്ള വ്യാജവാര്‍ത്ത പരന്നത്. എവിടെ നിന്നാണ് ഈ വാര്‍ത്ത പ്രചരിച്ചത് എന്ന് വ്യക്തമല്ല. വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായി പ്രചരിച്ചതോടെയാണ് ലേക് ഷോര്‍ ആശുപത്രി വിശദീകരണവുമായി രംഗത്തെത്തിയത്. താരസംഘടനയായ എ.എം.എം.എയുടെ സെക്രട്ടറി ഇടവേള ബാബുവും വാര്‍ത്ത തെറ്റാണെന്ന് അറിയിച്ചു. ഇടവേള ബാബു ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയില്‍ തുടരുകയാണ്.

Advertisement

അതേസമയം ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് ലേക് ഷോര്‍ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനും പുറത്ത് വന്നു. മുന്‍ ചാലക്കുടി എം.പി കൂടിയായ ഇന്നസെന്റ് അത്യാഹിത വിഭാഗത്തിലാണുള്ളത്. ഇ.സി.എം.ഒ എന്ന ജീവന്‍രക്ഷാ ഉപകരണത്തിന്റെ സഹായത്തോടെയാണ് അദ്ദേഹം ഐ.സി.യുവില്‍ തുടരുന്നത്.

Advertisement

കഴിഞ്ഞ ഒരാഴ്ചയായി ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാര്‍ച്ച് മൂന്നിനാണ് അദ്ദേഹത്തെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തേ ക്യാന്‍സര്‍ ബാധിച്ച അദ്ദേഹം രോഗത്തെ അതിജീവിച്ച് ശക്തമായി തിരിച്ചുവന്നിരുന്നു. അത് പോലെ തന്നെ ഇത്തവണയും അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികളും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും.