നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു സീരിയല്‍ ചിത്രീകരണത്തിന്റെ ഭാഗമായി നാല് ദിവസം മുമ്പാണ് ദിലീപ് ശങ്കര്‍ ഹോട്ടലില്‍ മുറിയെടുത്തത്. രണ്ട് ദിവസം മുമ്പാണ് അവസാനമായി ലൊക്കേഷനില്‍ വന്നത്.
രണ്ടുദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഫോണില്‍ ബന്ധപ്പെടാനാകാഞ്ഞതോടെ അണിയറപ്രവര്‍ത്തകര്‍ മുറിയില്‍ നേരിട്ട് എത്തി അന്വേഷിക്കുകയായിരുന്നു. മുറിയില്‍ നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
മരണ കാരണം വ്യക്തമായിട്ടില്ല. അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്‌നി അടക്കം ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ച താരമാണ്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മുറിക്കുള്ളില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തുമെന്നും കന്റോണ്‍മെന്റ് എസിപി അറിയിച്ചു. എന്താണ് മരണ കാരണമെന്നത് പോസ്റ്റ്മോര്‍ട്ടം പരിശോധനയിലേ വ്യക്തമാകൂ.