നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു


ചെന്നൈ: തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.തിരുനെല്‍വേലി സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും.

തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും ഉള്‍പ്പെടെ മറ്റു വിവിധ ഭാഷകളിലെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1976ല്‍ കെ. ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് ഡല്‍ഹി ഗണേഷ് ആദ്യമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.


ഗണേശന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. സിനിമയിലെത്തിയശേഷം കെ ബാലചന്ദര്‍ ആണ് ആദ്യത്തെ പേരുമാറ്റി ഡല്‍ഹി ഗണേശ് എന്ന പേര് നല്‍കിയത്. ധ്രുവം, ദേവാസുരം, ദ സിറ്റി, കാലാപാനി, കീര്‍ത്തി ചക്ര, പോക്കിരി രാജ, പെരുച്ചാഴി, ലാവെന്‍ഡര്‍, മനോഹരം എന്നിവയാണ് ഡല്‍ഹി ഗണേഷിന്റെ മലയാളചിത്രങ്ങള്‍. അവ്വൈ ഷണ്‍മുഖി, തെന്നാലി, സിന്ധുഭൈരവി, നായകന്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ‘ഇന്ത്യന്‍ 2’ വിലാണ് ഒടുവില്‍ അഭിനയിച്ചത്. ചിരഞ്ജീവി, പ്രതാപ് പോത്തന്‍, രവീന്ദ്രന്‍, നെടുമുടി വേണു എന്നിവര്‍ക്ക് തമിഴില്‍ ശബ്ദം നല്‍കിയത് ഡല്‍ഹി ഗണേഷായിരുന്നു.

1979ല്‍ പാസി എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. 1994ല്‍ കലൈമാമണി പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്. വ്യോമസേനയിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം സിനിമാഭിനയത്തിനായി ജോലി ഉപേക്ഷിക്കുകയായിരുന്നു. ഡല്‍ഹി ഗണേഷിന്റെ മരണത്തില്‍ സിനിമാ രംഗത്തേതുള്‍പ്പെടെ നിരവധി പ്രമുഖര്‍ അനുശോചിച്ചു.

Summary: Actor Delhi Ganesh passed away