നടനും കണ്ണൂര്‍ സ്‌ക്വാഡ് സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിന്‍ അന്തരിച്ചു


ആലപ്പുഴ: നടനും കണ്ണൂര്‍ സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള പ്രശസ്ത സിനിമകളില്‍ സ്റ്റണ്ട് ഡയറക്ടറുമായ ജോളി ബാസ്റ്റിന്‍ അന്തരിച്ചു. 53 വയസായിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ട് നെഞ്ചുവേദനയെ തുടര്‍ന്ന് വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

ബാംഗ്ലൂരില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു ജോളി ബാസ്റ്റിന്‍. സ്റ്റണ്ട് നടന്മാരുടെ കര്‍ണാടക സംഘടനയില്‍ താരം അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കമ്മട്ടിപാടം, മാസ്റ്റര്‍ പീസ്, അങ്കമാലി ഡയറീസ്, ഓപ്പറേഷന്‍ ജാവ, തങ്കം, നാ താന്‍ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലും ഫൈറ്റ് മാസ്റ്റര്‍ ആയിരുന്നു. ജോളി ബാസ്റ്റിന്‍ സൈലന്‍സ് എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ജോളി ബാസ്റ്റിന്‍ കുറേക്കാലം സ്റ്റണ്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കന്നഡയില്‍ നികാകി കാടിരുവെയെന്ന ചിത്രം സംവിധാനം ചെയ്ത ജോളി ബാസ്റ്റിന്റേതായി തിമിഴില്‍ ലോക്ക്ഡൗണ്‍ എന്ന ഒരു സിനിമയുമുണ്ട്.

ബൈക്ക് സ്റ്റണ്ടിലുടെയാണ് ജോളി സിനിമയിലെത്തുന്നത്. കന്നഡയിലെ പ്രമുഖ നടന്‍ രവിചന്ദ്രന്റെ സിനിമകളില്‍ ബൈക്ക് സ്റ്റണ്ടുകളില്‍ ജോളി ബാസ്റ്റിന്‍ ബോഡി ഡബിള്‍ ചെയ്യാറുണ്ട്. നിലവില്‍ ജോളി ബാസ്റ്റിന്‍ കന്നഡ സിനിമാ ലോകത്ത് ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന ഒരു സ്റ്റണ്ട് ഡയറക്ടറായിരുന്നു. ഇതുവരെയായി ജോളി ബാസ്റ്റ്യന്‍ 400 ചിത്രങ്ങളില്‍ അധികം വിവിധ ഭാഷകളിലായി സ്റ്റണ്ട് ഡയറക്ടറായിട്ടുണ്ട്.

സംഗീതതത്തിലും ജോളി ബാസ്റ്റിന്‍ തല്‍പരനായിരുന്നു. 24 ഇവന്റ് എന്ന പേരില്‍ താരം ഓര്‍ക്കസ്ട്ര ഗ്രൂപ്പ് നടത്തിയിരുന്നു. ഗ്രൂപ്പിലെ ഗായകനുമായിരുന്നു ജോളി. ജോളിയുടെ ജന്മദേശം ആലപ്പുഴയാണ്. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച്ച ബംഗളൂരുവില്‍ നടക്കും.