എം നാരായണന്‍ മാഷ്; നാടകം ജീവിതമാക്കിയ നാടകാചാര്യന്‍
എ. സജീവ്കുമാര്‍
കൊയിലാണ്ടി: നാടകം തപസ്യയാക്കി മാറ്റിയ നടനും സംവിധായകനുമായ എം. നാരായണന് നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള കെ. ശിവരാമന്‍ പുരസ്‌കാരം. നാടക രംഗത്ത് എത്തിയതിന്റെ 55 വര്‍ഷം പിന്നിടുന്ന വേളയിലാണ് അധ്യാപന രംഗത്തും നാടകരംഗത്തും സഹപ്രവര്‍ത്തകനായിരുന്ന കെ. ശിവരാമന്‍ മാസ്റ്ററുടെ പേരിലുള്ള ട്രസ്റ്റ് നല്‍കുന്ന അവാര്‍ഡ് എം നാരായണന് ലഭിക്കുന്നത്. നടനായി ആരംഭിച്ച് നടനും സംവിധായകനുമായ കേരളത്തിലങ്ങോളമിങ്ങോളം നിരവധി നാടകങ്ങളിലൂടെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ എം. നാരായണന്‍ വളര്‍ത്തിയെടുത്ത നൂറുകണക്കിന് നാടകപ്രവര്‍ത്തകരെ നമുക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കാണാം.
1969ല്‍ അരങ്ങാടത്ത് രൂപീകരിച്ച കലാസമിതിയുടെ സെക്രട്ടറിയായാണ് സാംസ്‌ക്കാരിക രംഗത്തേക്ക് ഇദ്ദേഹത്തിന്റെ കടന്നുവരവ്. ആ വര്‍ഷം അവതരിപ്പിച്ച പാമ്പാടി രാമകൃഷ്ണന്റെ സമര്‍പ്പണം എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായാണ് അരങ്ങത്തെ ആദ്യ വരവ്. ശോഭന ആര്‍ട്‌സിലെ എ.കെ രാഘവന്‍ സംവിധാനം ചെയ്ത നാടകത്തില്‍ അരങ്ങാടത്ത് വിജയന്‍, എം.കെ വേലായുധന്‍ തുടങ്ങി പില്‍ക്കാലത്തെ ശ്രദ്ധേയരായവര്‍ക്കൊപ്പമായിരുന്നു വേദിയിലെത്തിയത്. ഇതേ വര്‍ഷം തന്നെ എടക്കുളം വിദ്യാ തരംഗിണി സ്‌കൂളിലെ അധ്യാപകനായി. ആ വര്‍ഷം മുതല്‍ സഹാധ്യാപകരായിരുന്ന യു.കെ രാഘവന്‍, കെ ഭാസ്‌ക്കരന്‍ എന്നിവരും പിന്നീട് അവിടേക്കെത്തിയ കെ. ശിവരാമനും സാംസ്‌ക്കാരിക രംഗത്തെ വലിയ മാറ്റങ്ങളുടെ ഇടമായി സ്‌കൂളിനെമാറ്റി. ചെങ്ങോട്ടുകാവിലെ ചകിതി സമാജം, എസ്.എം.എസി, ശോഭനാ ആര്‍ട്‌സ്, ഒ.പി.കെ.എം കൊയിലാണ്ടി എന്നിവിടങ്ങളിലെ സാംസ്‌ക്കാരിക കൂട്ടായ്മകളാണ് എം നാരായണന്‍ എന്ന നാടക പ്രവര്‍ത്തകനെ വളര്‍ത്തിയത്.
1972 ല്‍ ചെങ്ങോട്ടുകാവ് സൈമ കലാസമിതി ആരംഭിച്ചപ്പോള്‍ നടനെന്ന അവസ്ഥയില്‍ നിന്ന് സംവിധായകനെന്ന തലത്തിലേക്ക് ഇദ്ദേഹം മാറി. വാര്‍ഷിക നാടകങ്ങളിലും വിവിധ ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കപ്പെട്ട ജി എന്‍ ചെറുവാടിന്റെ പുരാണനാടകങ്ങളിലും അഭിനയം തുടര്‍ന്നു. അക്കാലത്ത് സൈമ അമേച്വര്‍ നാടക മത്സരം അഖില കേരളാ ടിസ്ഥാനത്തില്‍ 12 വര്‍ഷം തുടര്‍ച്ചയായി നടത്തിയ അനുഭവത്തില്‍ നിന്ന് ലോക നാടക വേദിയെക്കുറിച്ചും തിയറ്ററിന്റെ സാമൂഹ്യ പ്രസക്തിയെ സംബന്ധിച്ചും സമഗ്രമായ അറിവു നേടാന്‍ കഴിഞ്ഞു. 1976 ല്‍ കൊയിലാണ്ടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കോഴിക്കോട് കേന്ദ്ര കലാസമിതി സംഘടിപ്പിച്ച ഏഴ് ദിവസം നീണ്ടു നിന്ന നാടക മത്സരത്തില്‍ ജി.എന്‍ ചെറുവാടിന്റെ സ്വര്‍ഗ്ഗവും ഭൂമിയും നാടകം അവതരിപ്പിച്ചു. എല്ലാ വിഭാഗത്തിലും ഒന്നാം സമ്മാനം ഈ നാടകത്തിനായിരുന്നു. ഇരിങ്ങല്‍ നാരായണി നല്ല നടിയും എം നാരായണന്‍ നല്ല നടനുമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതേ നാടകം പിന്നീട് കോഴിക്കോട് ഉള്‍പ്പെടെ പല വേദികളിലും സമ്മാനിതമായി.
അക്കാലത്താണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ആരംഭിക്കുന്നത്. 12 ദിവസം നീണ്ടു നില്‍ക്കുന്ന തിയറ്റര്‍ ഹ്രസ്വകാല കോഴ്‌സ് അമേച്ചര്‍ നാടക പ്രവര്‍ത്തകര്‍ക്കായി പുതുപ്പാടിയില്‍ സംഘടിപ്പിച്ചപ്പോള്‍ അതില്‍ പങ്കെടുത്തത് നാടകരംഗത്തെ പുതിയ അനുഭവമായി. നാടകാചാര്യന്മാരായ ജി. ശങ്കരപ്പിള്ള, പ്രൊ രാമാനുജം ,വൈക്കം ചന്ദശേഖരന്‍ നായര്‍ വേണുക്കുട്ടന്‍ നായര്‍, വയലാ വാസുദേവന്‍ പിള്ള തുടങ്ങി എല്ലാവരുമുണ്ടായിരുന്ന പുതിയ തിയറ്റര്‍ അനുഭവം നാടകത്തെ ജീവിതത്തെ ചേര്‍ത്തു പിടിക്കുന്നതിലേക്കെത്തിച്ചു. തൊട്ടടുത്ത വര്‍ഷം തിരുവനന്തപുരത്ത് 7 ദിവസം നീണ്ടു നിന്ന നാടക പാഠശാലയിലും, ആലപ്പുഴയില്‍ ജോസ് ചിറമ്മലിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ നിന്നും കിട്ടിയ അനുഭവങ്ങളും പില്‍ക്കാലത്ത് നിരവധി കുട്ടികളുടെ നാടകങ്ങളിലും തെരുവുനാടകങ്ങളിലും ഉപയോഗിക്കാന്‍ എം നാരായണനെന്ന സംവിധായകന് കഴിഞ്ഞു.
ബാലസംഘത്തിന്റെയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും നിരവധി ക്യാമ്പുകളില്‍ നാടകം സൃഷ്ടിച്ചെടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ക്യാമ്പിലൂടെ രൂപപ്പെട്ട ദേശാഭിമാനി പത്ര പ്രചാരണത്തിനായി രൂപം കൊണ്ട തെരുവുനാടകം കോഴിക്കോട്ട ടാഗോര്‍ ഹാളില്‍ ഇ.എം.എസ് അടക്കമുള്ളവരുടെ കയ്യടി നേടിയിരുന്നു. സാവിത്രി ശ്രീധരന്‍, രത്‌നമ്മ മാധവന്‍, പുതുപ്പാടി ശാന്ത, ബാലുശ്ശേരി സരസ, എല്‍ സി സുകുമാരന്‍, ഇരിങ്ങല്‍ നാരായണി, ലക്ഷ്മി നന്മണ്ട, ഗീത റീത്ത തുടങ്ങി പ്രശസ്ത നടിമാരെല്ലാം ഇദ്ദേഹത്തിന്റെ നാടകത്തില്‍ കഥാപാത്രങ്ങളായിട്ടുണ്ട്. ജില്ലയുടെ വിവിധ കലാസമിതികള്‍ സ്ഥിരം സംവിധായകനായി തേടുന്ന ഇദ്ദേഹം ,ജില്ലക്ക് പുറത്തും നിരവധി നാടക മത്സരങ്ങളുടെ വിധി കര്‍ത്താവായിരുന്നു.
അമ്പത് വര്‍ഷത്തിലധികം നീണ്ട നാടക സപര്യയില്‍ പല തവണ സംവിധാനത്തിനും മികച്ച നടനെന്ന നിലയിലും സമ്മാനിതനായിട്ടുണ്ട്. കൂടാതെ സീനിയര്‍ സിറ്റി സണ്‍ പുരസ്‌കാരവും 2017 ലെ പൂക്കാട് കലാലയം ടി.പി ദാമോദരന്‍മാസ്റ്റര്‍ പുരസ്‌കാരവും , 2019 ലെ ജി എന്‍ചെറുവാട് പുസ്‌കാര മടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹം ഒരു വര്‍ഷം മുന്‍പ് സംവിധാനം ചെയ്ത പുത്രന്‍ എന്ന നാടകം പൂക്കാട് കലാലയം അവതരിപ്പിച്ചുകൊണ്ടിരിക്കയാണ്. പഴയ കാലത്ത് നാടകത്തില്‍ നടിമാരെ കിട്ടാനായിരുന്നു പ്രയാസമെങ്കില്‍ ഇപ്പോള്‍ യുവാക്കളെ കിട്ടാനാണ് കലാസമിതികള്‍ പ്രയാസപ്പെടുന്നതെന്ന് സൈമയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍മാത്രമായുള്ള ഒരു നാടകം നടത്തി വിജയിപ്പിച്ചിട്ടുള്ള എം നാരായണന്‍ പറയുന്നു.