‘കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യം, തനിക്കെതിരെയുണ്ടായ അക്രമങ്ങള്‍ പാര്‍ട്ടി ചെറുത്തില്ല’; സത്യനാഥന്റെ കൊലപാതകത്തില്‍ പ്രതിയുടെ മൊഴി പുറത്ത്


കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പി.വി സത്യനാഥനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി അഭിലാഷിന്റെ മൊഴി പുറത്ത്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തനിക്കെതിരെ നേരത്തെ ഉണ്ടായ പല അക്രണ സംഭവങ്ങളെയും പാര്‍ട്ടി ചെറുത്തില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ്‌ മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് സത്യനാഥന് വെട്ടേറ്റത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സത്യനാഥന്റെ കഴുത്തിലും പുറത്തും നാലിലേറെ വെട്ടേറ്റിരുന്നു.

പ്രതി അഭിലാഷിന്റെ ലഹരി ഉപയോഗത്തെ സത്യനാഥന്‍ പലവട്ടം എതിര്‍ത്തിരുന്നു. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ സംസാരമുണ്ടായിരുന്നതായും വിവരങ്ങളുണ്ട്. ലഹരി ഉപയോഗം സത്യനാഥ് ചോദ്യം ചെയ്തത് അഭിലാഷിനെ ദേഷ്യം പിടിപ്പിരുന്നു എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

കൂടാതെ രണ്ട് വര്‍ഷം മുമ്പ് അഭിലാഷ് സത്യനാഥിന്റെ വീട് ആക്രമിച്ചതായും വിവരമുണ്ട്. കൊലപാതകം നടത്താന്‍
ഉപയോഗിച്ച ആയുധം കൃത്യം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്‌.

വടകര ഡിവൈഎസ്പിയുടെ നേൃത്വത്തില്‍ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാറിന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. വടകര ഡിവൈഎസ്പി സജേഷ് വാഴവളപ്പില്‍, പേരാമ്പ്ര ഡിവൈഎസ്പി ബിജു കെ.എം, കൊയിലാണ്ടി സി.ഐ മെല്‍വിന്‍ ജോസ്, രണ്ട് എ.എസ്‌.ഐമാര്‍, അഞ്ച്‌ എസ്.ഐമാര്‍, രണ്ട് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരാണ് സംഘത്തിലുണ്ടാവുക.

സത്യനാഥന്‍ നേരത്തെ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിച്ചിരുന്നു. ബസ് സ്റ്റാന്‍ഡിനു സമീപത്തെ ശക്തി ഷോപ്പിങ് കോംപ്ലെക്‌സ് മാനേജരാണ്. പരേതരായ അപ്പു നായരുടെയും കമലാക്ഷി അമ്മയുടെയും മകനാണ്.

ഭാര്യ: ലതിക. മക്കള്‍: സലിന്‍നാഥ് (ആക്‌സിസ് ബാങ്ക്), സെലീന. മരുമക്കള്‍: അമ്പിളി, സുനു. സഹോദരങ്ങള്‍: വിജയന്‍ രഘുനാഥ്, സുനില്‍.