സത്യനാഥന്റെ കൊലപാതകം: മരണകാരണം കഴുത്തിലെ ആഴത്തിലുള്ള മുറിവ്‌, ആയുധം കണ്ടെത്തി


കൊയിലാണ്ടി: കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി. മൂര്‍ച്ചയേറിയ കത്തിയാണ് കണ്ടെത്തിയത്‌. കൊല നടന്ന സ്ഥലത്തിന് സമീപത്ത് നിന്നാണ് പോലീസ് ആയുധം കണ്ടെത്തിയത്. ഇയാളുടെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തി.

കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരം. വടകര ഡിവൈഎസ്പിയുടെ നേൃത്വത്തില്‍ 14 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. താമരശ്ശേരി, പേരാമ്പ്ര ഡിവൈഎസ്പിമാരും സംഘത്തില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. കൊയിലാണ്ടി സി ഐ മെല്‍വിന്‍ ജോസിനാണ് അന്വേഷണച്ചുമതല.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മുത്താമ്പി ചെറിയപുറം ക്ഷേത്രപരിസരത്തുവെച്ച് സത്യനാഥന് വെട്ടേറ്റത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ഉടനെതന്നെ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.