സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: പ്രതിയായ തിക്കോടി സ്വദേശി വിഷ്ണു സത്യൻ റിമാന്റിൽ
പയ്യോളി: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിയായ തിക്കോടി സ്വദേശിയെ കോടതിയില്‍ ഹാജരാക്കി. തിക്കോടി പതിനൊന്നാം വാര്‍ഡില്‍ തെക്കേകൊല്ലന്‍കണ്ടി ശങ്കരനിലയത്തില്‍ വിഷ്ണു സത്യനെയാണ് പയ്യോളിയുടെ കൂടെ ചുമതലയുള്ള കൊയിലാണ്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
വിഷ്ണു സത്യനെ പെരുമാള്‍പുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോയത്. റിമാന്റ് ചെയ്യപ്പെട്ട പ്രതിയെ കൊയിലാണ്ടി സബ് ജയിലിലേക്ക് മാറ്റി.
ഇരകളായ സ്ത്രീകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതി വിഷ്ണു നേരത്തേ ഒളിവില്‍ പോയിരുന്നു. മുംബൈയിലേക്കാണ് ഇയാള്‍ കടന്നത്. തുടര്‍ന്ന് നാട്ടിലേക്ക് വരുന്നതിനിടെ ഇന്ന് വടകരയില്‍ ട്രെയിനിറങ്ങിയപ്പോഴാണ് ഇയാള്‍ പയ്യോളി പൊലീസിന്റെ പിടിയിലായത്. പ്രതിയുടെ വീട്ടില്‍ നിന്ന് കമ്പ്യൂട്ടറും മൊബൈല്‍ ഫോണും മറ്റും നേരത്തേ പൊലീസ് പിടിച്ചെടുത്തിരുന്നു.
ഐ.പി.സി 354 എ (3), 509, 354 സി, ഐ.ടി ആക്ട് 67 (എ), 66 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പയ്യോളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.സി.സുഭാഷ് ബാബു, എസ്.ഐ എം.എ.പ്രസാദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.അനില്‍കുമാര്‍, കെ.എം.രതീഷ്, ആഷില്‍ ശ്രീധര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.