‘ഫോളോ ദ ഹൗള്‍ – ജാക്കല്‍ ദ റിയില്‍ സ്റ്റോറി’ കുറുനരികളെക്കുറിച്ച് അപൂര്‍വ്വവിവരങ്ങള്‍ പകരുന്ന ഡോക്യുമെന്ററിയുമായി അഭിജിത്ത് പേരാമ്പ്ര
പേരാമ്പ്ര: കുറുനരികളെ വര്‍ഷങ്ങളോളം പിന്തുടര്‍ന്ന് നിര്‍മ്മിച്ച ഡോക്യുമെന്ററി ‘ഫോളോ ദ ഹൗള്‍ – ജാക്കല്‍ ദ റിയില്‍ സ്റ്റോറി’ (Follow the howl , Jackal – the real story) ജനശ്രദ്ധ പിടിച്ചുപറ്റുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശി അഭിജിത്ത് പേരാമ്പ്ര നിര്‍മ്മിച്ച ഡോക്യുമെന്ററി യൂട്യൂബില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആയിരങ്ങളാണ് കണ്ടത്. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ കേരള വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ഒന്നാം സ്ഥാനം ഈ ഡോക്യുമെന്റിക്കാണ്.
കുറുനരികളുടെ ജീവിതരീതി ചിത്രീകരിച്ച ഡോക്യുമെന്ററിയില്‍ ഇവയെക്കുറിച്ച് അപൂര്‍വ വിവരങ്ങള്‍ പകര്‍ന്നുതരുന്നുണ്ട്. കുറുനരികളെക്കുറിച്ച് അധികമാരും പഠിച്ചിട്ടില്ല, അതുകൊണ്ടാണ് ഈ വിഷയം പഠിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയതെന്ന് അഭിജിത്ത് പേരാമ്പ്ര കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒരുവര്‍ഷത്തിലേറെയെടുത്താണ് കുറുനരികളെക്കുറിച്ച് പഠിച്ചത്. മുതിര്‍ന്ന കുറുനരി 9 കിലോ മുതല്‍ 12 കിലോ വരെ തൂക്കവും രണ്ടു മുതല്‍ നാലു കുട്ടികള്‍ വരെ ഒറ്റ പ്രസവത്തില്‍ ഉണ്ടാവുകയും ചെയ്യും. പകല്‍ സമയങ്ങളില്‍ പുല്‍മേടുകളിലും പാറകൂട്ടങ്ങളിലും വിശ്രമിക്കുന്ന ഇവ രാത്രികാലങ്ങളിലാണ് ഇര തേടുന്നത്. ഇവയുടെ ഓരിയിടലുകള്‍ ഒരു കൂട്ടത്തിന് മറ്റൊരു കൂട്ടവുമായി ആശയവിനിമയം നടത്താനുള്ള മാര്‍ഗമാണ്. പെണ്‍വര്‍ഗമാണ് കുറുനരി സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇത്തരം കണ്ടെത്തലുകളാണ് ഡോക്യുമെന്ററിയില്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും അഭിജിത്ത് പറയുന്നു.
ആവാസ വ്യവസ്ഥയിലുള്ള മാറ്റം കുറുനരുകളുടെ എണ്ണം കുറയാന്‍ കാരണമായി ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. മനുഷ്യരുടെ ഇടപെടല്‍ ഇവയുടെ ആവാസവ്യവസ്ഥ നശിക്കാന്‍ കാരണമായിട്ടുണ്ട്. ഏകദേശം 12 വര്‍ഷത്തോളം വന്യജീവി ഫോട്ടോഗ്രാഫി രംഗത്ത് ശ്രദ്ധേയനാണ് അഭിജിത്ത്. ഇതിനോടകം തന്നെ ഒട്ടനവധി ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ അഭിജിത്തിനെ തേടിവന്നിട്ടുണ്ട്.