കൊയിലാണ്ടിയുടെ അലങ്കാരമായിരുന്ന കറുപ്പും മഞ്ഞയും നിറമണിഞ്ഞ ടാക്സി കാറുകൾ, എല്ലാരും ഒത്തൊരുമിച്ചിരുന്ന കല്യാണങ്ങൾ… ചിതറിയ ചില കൊയിലാണ്ടി ഓർമ്മകൾ എഴുതുന്നു അബ്ദുൾ റഷീദ് | സ്കൈ ടൂർസ് & ട്രാവൽസ് അവതരിപ്പിക്കുന്നു ‘പ്രവാസിയുടെ കൊയിലാണ്ടി’
അബ്ദുൾ റഷീദ് സി.കെ
കള്ളി മുണ്ടും ബ്ലൗസുമിട്ട് കയ്യിൽ പച്ചോല ചീന്തുമായി നേരം വെളുക്കുമ്പോൾ തന്നെ മീൻ വാങ്ങാനുള്ള കൊട്ട മുടയാനായി മീൻചാപ്പായിലേക്ക് തീരത്തിന്റെ തീരാകഥകളും നാട്ടുവർത്തമാനങ്ങളും പറഞ്ഞ് ഒരു കൂട്ടം സ്ത്രീകളും മുളയിൽ തീർത്ത കാവു വടിയിൽ രണ്ടറ്റത്തും ചൂടിയിൽ തൂക്കി കെട്ടിയ കൊട്ടയിൽ നിറയെ മത്തിയും ചെറുമീനുകളുമായി കൊയിലാണ്ടിയുടെ മീൻചാപ്പായിലേക്ക് കൂകി പാഞ്ഞുള്ള ഹൃദയഭേരിതമായ സീൽകാര ശബ്ദവും കേട്ടുണർന്നിരുന്ന കൊയിലാണ്ടി. റോഡിൽ അങ്ങിങ്ങായി ആടുമാടുകൾ മേഞ്ഞു നടക്കുമായിരുന്നു.
കറുപ്പും മഞ്ഞയും കളറിലുള്ള ടാക്സി കാറുകൾ കൊയിലാണ്ടിയുടെ അലങ്കാരമായിരുന്നു. മീൻചാപ്പയിൽ നിന്നും അഞ്ചു പൈസക്ക് ഓല കൊണ്ടു മെടഞ്ഞ കൊട്ടയും വാങ്ങി പത്തു പൈസക്ക് കൊട്ട നിറയെ മത്തിയും പത്തു പൈസക്ക് തക്കാളിയും ചപ്പും മുളകും ഇഞ്ചിയും എല്ലാം കൂടെ വാങ്ങി വീട് സ്വർഗമായി ജീവിച്ചു തീർത്ത സുവർണ കാലഘട്ടം. കടപ്പുറമുള്ള തെങ്ങുകൾക്കെല്ലാം വളമായുഭയോഗിച്ചത് തോണി നിറയെ കൊണ്ട് വരുന്ന വിലയില്ലാത്തതും നല്ല രുചിയുള്ളതുമായ മത്തി തന്നെ ആയിരുന്നു.
നാട്ടിലൊരു കല്യാണമുണ്ടായാൽ അയൽവാസികളെല്ലാം കല്യാണത്തിനു ആഴ്ചകൾക്ക് മുൻപേ ഒത്തു കൂടി പന്തൽ കെട്ടാൻ വേണ്ട കാലുകളും മരത്തടികളും എല്ലാം അടുത്ത വീടുകളിലെല്ലാം പോയി ഷേകരിച്ചു കല്യാണ വീട്ടിൽ എത്തിച്ചു ഒരുക്കങ്ങൾ തുടങ്ങുകയായി.
കല്യാണത്തിനു രണ്ടോ മൂന്നോ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ഈൻതോല പട്ട വെട്ടാനൊരു കൂട്ടർ പോവുമ്പോൾ പന്തൽ ചമയിക്കാനായി സാരികൾ വാങ്ങാൻ അടുത്തടുത്ത വീടുകളിൽ പോയി ശേഘരിക്കാൻ മറ്റൊരു കൂട്ടർ പോവുമ്പോൾ…. കൈക്കരുത്തും മെയ് കരുത്തും ഉള്ള മറ്റൊരു കൂട്ടർ അമ്മിയും കുട്ടിയും ശേഖരിച്ചു കല്യാണ വീട്ടിലേക്കുള്ള ഒരൊന്നൊന്നര വരവുണ്ട്. അരക്കുവാനുള്ള സ്ത്രീകൾ അരയും തലയും മുറുക്കി കല്യാണ തലേന്ന് തലങ്ങും വിലങ്ങും നാടൻ പാട്ടും പാടി അരച്ച് തിമിർക്കുമ്പോൾ നാട്ടുകാരൊരുമിച്ചു പന്തൽ പണി പൂർത്തീകരിക്കുന്ന തിരക്കിലായിരിക്കും.
മൊട്ടു സൂചികൊണ്ട് സാരികളെല്ലാം അലങ്കരിച്ചു തൂക്കിയും പന്തലിനു മുകളിൽ അലങ്കാരമായി കളർ സാരികൾ വരിവരിയായി പിന്നുകൊണ്ട് കുത്തി അലങ്കരിച്ചും പന്തൽ പണി പര്യവസാനത്തിലെത്തുമ്പോൾ തെങ്ങിന് മുകളിൽ കെട്ടി വെച്ച സ്പീക്കറിൽ കൈ കൊണ്ട് തിരിച്ചു ബൈന്റു ചെയ്യുന്ന ആമ്പ്ളിഫയറും വെച്ച് നാട് മുഴുവൻ കേൾക്കുമാറുച്ചത്തിൽ പാട്ടുകൾ തുടങ്ങുകയായി.
പിന്നെയാണ് രസകരമായ കല്യാണം. ഒരു മേശ പുറത്ത് സിഗരറ്റും റോജ പാക്കും ബീഡിയും തീപ്പെട്ടിയും കല്യാണത്തിന് വരുന്ന അതിഥികൾക്കായി ഒരുക്കി വെച്ചിട്ടുണ്ടാവും. ചെവി കാണാത്ത രീതിയിൽ ഹിപ്പി മുടിയും ലൂസ് മോഡൽ പേന്റുമെല്ലാം അന്നത്തെ പുത്തൻ ഫേഷൻ ആയിരുന്നു.
ആ കാലഘട്ടത്തിലാണ് ഈയുള്ളവന് ബഹ്‌റൈനിലേക്കുള്ള വിസ കിട്ടിയത്. അതിരുകളില്ലാത്ത സന്തോഷത്താൽ യാത്ര പോവേണ്ട ദിവസങ്ങൾ തള്ളി നീക്കി. ഒടുവിൽ ആ ദിവസവും വന്നു ചേർന്നു. കഴുത്തിൽ ഒരു തോർത്ത് ചുറ്റി കയ്യിൽ ഒരു ഹാൻഡ് ബാഗും അതിൽ വലിയൊരു പാസ്പോർട്ടും വിസയുമെല്ലാം അടുക്കി വെച്ചു കാറും വിളിച്ചു കുടുംബവുമായി കൊയിലാണ്ടി ന്യൂ ഹോട്ടലിന് മുന്നിലേക്ക് ബോംബെ ബസ്സായ ഇൻഡോ-അറബ് ബസ്സും കാത്ത് ഞങ്ങളെ പോലെ തന്നെ ഒരു പാട് യാത്രക്കാർ ബോംബെയിലേക്ക് ബസ്സ് കയറാൻ അവിടെ ഉണ്ടാവുമായിരുന്നു. കോഴിക്കോടും കൊച്ചിയിലുമൊന്നും എയർ പോർട്ടില്ലാത്തത്തിനാൽ നേരെ ബോംബെയിലേക്കായിരുന്നു വിമാനം കയറാനുള്ള യാത്ര.
മൊബൈൽ ഫോണില്ലാത്തതും വളരെ വിരളമായി കാണാവുന്നതുമായ ലാൻഡ് ഫോൺ അൻപത് വീടുകൾക്കിടയിൽ ഏതെങ്കിലുമൊരു വീട്ടിൽ ഉണ്ടാവുമായിരുന്നു മൂന്നു നമ്പറിൽ മാത്രം ഉണ്ടായിരുന്ന ഫോണിൽ നിന്ന് ദൂര ദിക്കുകളിലേക്ക് വിളിക്കണമെങ്കിൽ എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് ട്രങ്ക് കോൾ ബുക്ക് ചെയ്യേണ്ടിയിരുന്നു മറുതലക്കൽ വേണ്ടപ്പെട്ടവരെ കിട്ടിയാൽ എക്സ്ചേഞ്ചിൽ നിന്ന് വിളി വരും കോൾ കണക്റ്റ് ആയിട്ടുണ്ട് സംസാരിച്ചോളൂ എന്നും പറഞ്ഞ് നമ്മെ വേണ്ടപ്പെട്ടവരുമായി ബന്ധപ്പെടാനുള്ള ഏക പോംവഴി.
പിന്നെയുണ്ടായിരുന്നത് കമ്പിയടിക്കൽ എന്ന പേരിൽ അറിയപ്പെടുന്ന ടെലിഗ്രാം ആയിരുന്നു. ഗൾഫിൽ നിന്ന് കത്തുമായി വരുന്ന പോസ്റ്റ്മാനെ കാത്ത് ഓരോ ഗൾഫുകാരന്റെ വീട്ടുകാരും കണ്ണിലെണ്ണ ഒഴിച്ച് കാത്തിരുന്ന കാലഘട്ടം. കത്തിടപാടുകൾ ഏകദേശം ഏഴു ദിവസത്തെ ദൈർഘ്യമായിരുന്നു ഇവിടുന്നൊരു കത്തയച്ചാൽ ഗൾഫിലെത്താൻ. തിരിച്ചും അതേപോലെ തന്നെ ആയിരുന്നു ആ കാലത്തെ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും കത്തിലൂടെയുള്ള കൂടിച്ചേരൽ.
വാർപ്പിട്ട വീടുകൾ വളരെ വിരളമായി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓല മേഞ്ഞ വീടുകളും ഓടിട്ട വീടുകളുമായിരുന്നു തൊണ്ണൂറു ശതമാനം കുടുംബങ്ങളുടെയും വാസസ്ഥലം. ജാതി-മത-വർഗ്ഗ വിവേചനമെന്തെന്നറിയാത്ത പച്ചയായ മനുഷ്യർ. അതായിരുന്നു അന്നത്തെ കുടുംബങ്ങൾ.
ചെകിരി തുമ്പ് തൂക്കി വാങ്ങി വീടിന്റെ കോലായിൽ ഇരുന്ന് നാട്ടു വാർത്തമാനങ്ങളും പറഞ്ഞു ചൂടി പിരിച്ചുള്ള വരുമാനം കണ്ടെത്തുന്ന കുടുംബങ്ങൾ ഏറെ ഉണ്ടായിരുന്നു. തൂക്കി വാങ്ങുന്ന ചെകിരി വൈകുന്നേരത്തോടെ കൈ കൊണ്ട് പിരിച്ചു ചൂടിയാക്കി തിരിച്ചു ചെകിരി വാങ്ങിയ കടയിൽ എത്തിച്ചു കൊടുത്താൽ കിട്ടുന്ന പൈസ കൊണ്ട് അന്നത്തേക്ക് പശിയടക്കാൻ അത് ധാരാളമായിരുന്നു. ഇന്നത്തെ പോലെ യാത്രാ വാഹനങ്ങൾ ഇല്ലാതിരുന്ന കാലമായതിനാൽ കുടുംബങ്ങളിലും മറ്റു വിശേഷ കാര്യങ്ങൾക്കും കിലോമീറ്ററുകൾ നടന്നു പോവൽ അന്നൊരു പ്രശ്‌നമേ ആയിരുന്നില്ല.
പുഴ മണൽ ഇറക്കി വീടുണ്ടാക്കുന്ന കാലമായിരുന്നില്ല അന്നത്തെ യുഗം. കടപ്പുറത്തെ പൂഴിയും വെള്ള കുമ്മായവും ഉപയോഗിച്ചും മണ്ണ് കൊണ്ട് ഇന്നത്തെ കല്ലിനു പകരം മൺകട്ട ഉപയോഗിച്ചുമായിരുന്നു വീട് ഉണ്ടാക്കിയിരുന്നത്. അടുപ്പിലെ കരിയും ചാണകവും മറ്റു ചില പച്ചില കൂട്ടുകളും ഉപയോഗിച്ചുള്ള വീടിന്റെ അകവും കോലായിയുമെല്ലാം മെയ്കല്ല് എന്നറിയപ്പെടുന്ന കല്ലുപയോഗിച്ച് ഉരച്ചു മിനുസമാക്കിയുള്ള വീടിന്റെ നിലത്തു കിടന്നാൽ ഇന്നത്തെ പോലെ ഫാനും എ.സിയും ഒന്നും വേണ്ടായിരുന്നു.
അന്നത്തെ ജനങ്ങളും അറബി കടലും സ്വഭാവത്തിൽ ഒരേ പോലെ ആയിരുന്നു ശക്തമായ തിരമാലകളില്ലാത്ത ശാന്തമായ കടൽ അന്നത്തെ കടലിനു കടിഞ്ഞാണിടാൻ കരിങ്കൽ കെട്ടുകളോ കടൽ കയറി വരാതിരിക്കാൻ മറ്റു തടസ്സങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ശാന്തരായ കരജീവികളോട് അതെ രീതിയിൽ തന്നെ കടലും പ്രത്യാഘാതമൊന്നുമുണ്ടാക്കാതെ മുന്നോട്ടു പോയിരുന്നു
വലിയ വഞ്ചികളോ വലിയ വള്ളങ്ങളോ ഒന്നുമില്ലാതിരുന്ന ആ കാലത്ത് ചെറുതോണികളായിരുന്നു ആകെ ഉണ്ടായിരുന്ന മത്സ്യ ബന്ധന ഉപാധി. ചുക്കാൻ കൊണ്ട് തുഴഞ്ഞും കയർ കൊണ്ട് കരയിലൂടെ ഏലേലയ്യാ വിളിച്ചു കയറിന്റെ ഒരു തല തോണിക്ക് കെട്ടി, മറുതല കുറെ ആളുകൾ വലിച്ചോടുകയും ചെയ്തിരുന്ന വസന്ത കാലത്തിന്റെ ഓർമ്മകൾ ഇന്നും ജീവിതത്തെ പിറകോട്ടു വലിക്കുന്ന പോലെ.
അങ്ങിങ്ങായി വളരെ വിരളമായി കാണാവുന്ന ഇസ്തിരി ഇട്ട് കൂർപ്പിച്ച് വെച്ചപോലെയുള്ള കാക്കി ട്രൗസറും ചുവന്ന ചെണ്ടുള്ള തൊപ്പിയുമിട്ട പോലീസുകാരെ കാണുമ്പോൾ അന്നത്തെ ആളുകൾക്ക് ഭയമുണ്ടായിരുന്നില്ല അന്ന് ഇന്നത്തെ പോലെ മാഫിയകളോ ആക്രമികളോ തമ്മിൽ തല്ലി കൊലവിളി നടത്തുന്നവരോ ഉണ്ടായിരുന്നില്ലെന്നത് തന്നെ കാരണം. കുറ്റം ചെയ്യുന്നവരല്ലേ നിയമ പാലകരെ പേടിക്കേണ്ടൂ.
കുറ്റവാസന ഇല്ലാതിരുന്ന പൊതുജനത്തിന് പോലീസുകാർ ശത്രുക്കളായിരുന്നില്ല അവർ നമ്മുടെ മിത്രങ്ങളായിരുന്നു. അന്നത്തെ കൊയിലാണ്ടി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് ആയിരുന്നു ഇന്നത്തെ സ്റ്റേഡിയം. അന്ന് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരു വലിയ സ്റ്റേജുണ്ടായിരുന്നു. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വന്നു ജനങ്ങളെ അഭിസംബോധന ചെയ്തത് ആ കുത്തനെയുള്ള സ്റ്റേജിൽ കയറിയായിരുന്നു.
ഇന്നത്തെ കൊയിലാണ്ടി പഴയ സ്റ്റാന്റ് നിൽക്കുന്ന സ്ഥലത്ത് വലിയൊരു ആൽത്തറ ഉണ്ടായിരുന്നു വൈകുന്നേരമായൽ വിശ്രമിക്കാനും ബസ്സ് കാത്തു നില്കുന്നവർക്ക് ഇരിക്കാനുമായി കൊയിലാണ്ടിയുടെ ഹൃദയത്തിൽ വളർന്നു പന്തലിച്ച ആ ആൽത്തറയും ആൽമരവും ഓർമയിലേക്ക് ഊളിയിട്ട് പോയിട്ട് വർഷങ്ങൾ കഴിഞ്ഞു. അടുത്ത കാലത്തായി ടൗൺ മെഡിക്കൽ ഹാളിന്റെ മുന്നിലുള്ള മരമുത്തശിയെയും ഓർമയാക്കി കൊയിലാണ്ടിയുടെ പ്രയാണം തുടർന്നു.
ഡ്രൈവിങ്ങിനോട് വലിയ കമ്പക്കാരനായ എനിക്ക് ലൈസൻസ് എടുക്കണമെന്നുള്ള എളിയതെങ്കിലും വലിയ സ്വപ്നം മൊട്ടിട്ടു തുടങ്ങിയെങ്കിലും കൊയിലാണ്ടി ബോയ്സിൽ പഠിക്കുന്ന സമയത്ത് ബസ്സിനുള്ള പത്തു പൈസ പോലും വീട്ടിൽ നിന്ന് കിട്ടാത്തത്രയും ദാരിദ്ര്യത്തിൽ ജീവിച്ച എനിക്ക് എന്റെ ഡ്രൈവിങ് എന്ന സ്വപ്നം പൂവണിയിക്കാൻ നാട്ടിലുള്ള വീട് പണികൾക്ക് ലോറിയിൽ വരുന്ന കല്ലുകളും പുര മേയാൻ കൊണ്ടു വരുന്ന ഓടുകളും സ്കൂളില്ലാത്ത ദിവസങ്ങളിൽ ചുമടെടുത്ത് പൈസ ഉണ്ടാക്കിയ മാസങ്ങൾ ഇന്നും എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തത്രയും നീണ്ടു നീണ്ടു പോയിരുന്നു.
വലിയുള്ളി വരുന്ന ചാക്ക് തലയിൽ തെരിയ ആക്കി വെച്ചു ഓരോ വീടുകളിലേക്കും ഒരോടിന് മൂന്നു പൈസ നിരക്കിൽ ഒരു ട്രിപ്പിൽ അഞ്ചോടുകൾ തലയിൽ ചുമന്നു വൈകുന്നേരമാവുമ്പോഴേക്കും നൂറോടുകൾ എത്തിച്ചു മൂന്നു രൂപ കൂലിയും വാങ്ങി മണ്ണ് കൊണ്ടുള്ള തൊണ്ടിൽ സൂക്ഷിച്ചു വെക്കുമായിരുന്നു. കല്ല് കൊണ്ടു പോയാൽ ഒരു കല്ലിനു അഞ്ചു പൈസയും ദൂരക്കൂടുതൽ ഉണ്ടെങ്കിൽ പത്തു പൈസയും കൂലി ആയി കിട്ടുമായിരുന്നു ഒഴിവു ദിവസങ്ങളിൽ കിട്ടുന്ന ഈ വരുമാനം കൈ തൊടാതെ തൊണ്ടിൽ സൂക്ഷിച്ചു വെച്ചു. രണ്ടു കൊല്ലം കൊണ്ട് എഴുന്നൂറ്റി തൊണ്ണൂറു രൂപ സ്വരൂപിച്ചു.
അന്ന് കൊയിലാണ്ടിയിൽ ഡ്രൈവിങ് പഠിപ്പിച്ചിരുന്നത് ഹണീഷ് ഡ്രൈവിങ്ങ് സ്കൂളിലായിരുന്നു അവിടെ പോയി കാർ ഡ്രൈവിങ് പഠിക്കാൻ പൈസ ചോദിച്ചപ്പോൾ അവിടുത്തെ മോഹനൻ മാഷ് മോട്ടോർ സൈക്കിളും ഓട്ടോറിക്ഷയും കാറും പഠിക്കാൻ എഴുന്നൂറ്റി അൻപതു രൂപ വേണമെന്ന് പറഞ്ഞപ്പോൾ മനസ്സിലൊരു ലഡ്ഡു പൊട്ടി. ഹാവൂ മൂന്നും പഠിക്കാമെന്ന മോഹത്തോടെ നാല്പതു രൂപ ആരും കാണാതെ തലയിണ കവറിനുള്ളിൽ ഒളിപ്പിച്ചു. ബാക്കിയുള്ള എഴുന്നൂറ്റി അൻപതു രൂപ അവിടെ കൊണ്ടു പോയി കൊടുത്തു. അങ്ങിനെ ആ മോഹം പൂവണിഞ്ഞു.
പക്ഷേ ഓടിക്കാൻ കാറു പോയിട്ട് ഒരു സൈക്കിൾ പോലും സ്വന്തമായില്ലാത്ത എന്റെ ജീവിതം വഴിമുട്ടാൻ ഞാൻ അനുവദിച്ചില്ല. വീണ്ടും ഒരു മൺ തൊണ്ട് വാങ്ങി പഴയ പടി ജോലിയും തുടങ്ങി തലയിണയിൽ ഒളിപ്പിച്ചു വെച്ച നാൽപ്പത് രൂപ വീണ്ടും തൊണ്ടിൽ നിക്ഷേപിച്ചു. പിന്നെ കിട്ടുന്ന ഓരോ പൈസയും കൂട്ടി വെച്ചു തോണ്ട് നിറഞ്ഞപ്പോൾ പൊട്ടിച്ചെണ്ണി നോക്കിയപ്പോൾ കണ്ണു തള്ളിപ്പോയി.
രണ്ടായിരത്തി എണ്ണൂറ്റി മൂന്നു രൂപ ഉണ്ടായിരുന്നു നിക്ഷേപം. സന്തോഷം കൊണ്ട് മതി മറന്ന ഞാൻ വലിയ പൈസക്കാരനായ ഭാവത്തിൽ സ്കൂട്ടർ വാങ്ങാനൊരുങ്ങി. വർക്ക് ഷോപ്പുകളായ വർക്ക് ഷോപ്പ് മുഴുവൻ സ്കൂട്ടർ വിൽക്കാനുണ്ടൊന്നും ചോദിച്ചു അലയുമായിരുന്നു. അങ്ങിനെ കൊല്ലത്തങ്ങാടിയിൽ റേഷൻ വാങ്ങാൻ പോയപ്പോൾ അവിടെ ഒരാൾ ഒരു ലാമ്പ്രട്ട സ്കൂട്ടറുമായി വന്നപ്പോൾ അയാളോട് വണ്ടി വിൽക്കുന്നോ എന്ന് വെറുതെ ഒന്ന് ചോദിച്ചതെ ഓർമയുള്ളൂ.
എന്തോ എന്റെ ചോദ്യം അയാൾക്കിഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു ‘പോയി പണി നോക്കെടാ, വണ്ടി വാങ്ങാൻ ഇറങ്ങിയ മൊതലാളി’ എന്നും പറഞ്ഞയാളെന്നെ കുറെ ചീത്ത വിളിച്ചെങ്കിലും എന്റെ മുഖത്തെ സങ്കടവും പേടിയും കണ്ടിട്ടാണെന്ന് തോന്നുന്നു അയാളെന്റെ ചുമലിൽ കൈ വെച്ചു സമാധാനിപ്പിച്ചു. എവിടെയാണ് വീടെന്നും ആരുടെ മകനാണെന്നുമെല്ലാം ചോദിച്ചറിഞ്ഞ അയാൾ റേഷനും വാങ്ങി ഗമയിൽ വണ്ടിയും ഓടിച്ചു പോയി.
ഒന്ന് രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ അയാളെന്റെ വീട്ടിൽ വന്ന് ഉമ്മയോട് എന്നെ കുറിച്ചന്വേഷിച്ചപ്പോൾ എന്റെ വണ്ടി മോഹവും പൈസ ഉണ്ടാക്കിയ കാര്യവുമെല്ലാം വെട്ടിതുറന്നങ്ങു പറഞ്ഞപ്പോൾ ഞാൻ അയാളോട് പറഞ്ഞത് സത്യമാണെന്ന് തോന്നിയ അയാൾ ഉമ്മയോട് വണ്ടി അവനു വേണെങ്കിൽ പൈസ തന്നാൽ കൊടുക്കാമെന്നു പറയൂ എന്ന് പറഞ്ഞു തീരുന്നതിനു മുൻപേ ഉമ്മ അയാളെനിക്ക് വണ്ടി വിൽക്കുന്നതിനെ വിലക്കി. അവനു വണ്ടി കൊടുത്താൽ പിറ്റേന്ന് തന്നെ വണ്ടി ഉപ്പ നിങ്ങളെ വീട്ടിലേക്ക് മടക്കി കൊടുത്തയക്കുമെന്ന കാര്യം പറഞ്ഞപ്പോൾ അയാൾ വീട്ടിൽ നിന്ന് എന്നെ ശപിച്ചു കൊണ്ടാവണം തിരികെ പോയി.
ആ കാലത്ത് പൊതു അവധി വെള്ളിയാഴ്ച ആയിരുന്നു സിനിമ ടാക്കീസുകളിൽ പുതിയ സിനിമ വരുന്ന ദിവസം. സിനിമയോട് വലിയ കമ്പമില്ലാത്ത എനിക്ക് വണ്ടി വാങ്ങാൻ പറ്റാത്ത ടെൻഷനിൽ ഒരു സിനിമ കണ്ടാലോ എന്നൊരു മോഹം. ഉമ്മയോട് കാര്യം പറഞ്ഞപ്പോൾ എന്റെ സങ്കടം മനസ്സിലാക്കിയിട്ടാവണം ഉമ്മ സിനിമക്ക് പകരം മറ്റൊരു ഉപാധി വെച്ചു.
‘സിനിമ ഇന്ന് ഒന്ന് കണ്ടാൽ പിന്നെ ഇടയ്ക്കിടെ കാണേണ്ടി വരും നീ ഒരു കാര്യം ചെയ്യ് നമ്മക്ക് എന്നും പാട്ട് കേൾക്കാനും വാർത്ത കേൾക്കാനുമുള്ള റേഡിയോ വാങ്ങിക്കോ. എന്നാൽ നമുക്ക് എപ്പോഴും അത് തുറന്നു വെക്കാലോ. ഈ അടുത്ത വീടുകളിലൊന്നും റേഡിയോ ഇല്ലതാനും.’
അത് കൊള്ളാമെന്ന് എനിക്കും തോന്നി അന്ന് റേഡിയോ ഇറങ്ങിയ സമയമായിരുന്നു. അങ്ങിനെ ഉപ്പയോട് കാര്യങ്ങളെല്ലാം ഉമ്മ പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോൾ മൂപ്പർക്കും പെരുത്ത് സന്തോഷായി. പിറ്റേന്ന് ശനിയാഴ്ച രാവിലെ തന്നെ കോഴിക്കോട് അങ്ങാടിയിലേക്ക് ( ഞാൻ ആദ്യമായി കോഴിക്കോട് അങ്ങാടി കാണുന്ന ദിവസം കൂടി ആയിരുന്നു അന്ന്) ഉപ്പയുടെ കൂടെ ബസ്സിൽ കയറി അര മണിക്കൂർ കാത്തിരുന്നാലേ ഒരു ബസ്സ് വരാറുള്ളൂ.
ബസ്സിൽ കയറി പുറത്തേക്കു നോക്കുമ്പോൾ കൊല്ലം മൂടാടിയിലേക്കും, കൊയിലാണ്ടി കൊല്ലത്തെക്കും തെങ്ങുകളും മരങ്ങളുമെല്ലാം പിറകോട്ടേക്കും ഓടുന്ന പോലെയുള്ള അവസ്ഥ. ഈ അത്ഭുത കാഴ്ച ബസ്സിറങ്ങുന്നത് വരെ നോക്കി കണ്ടെങ്കിലും ഇതെന്താ ഇങ്ങനെ ബേക്കോട്ടോടുന്നതെന്ന് ഉപ്പയോട് ചോദിക്കാൻ പേടി ആയിരുന്നു.
ഒരുവിധം വീട്ടിലെത്തി റേഡിയോ ഓണാക്കിയപ്പോൾ ശബ്ദം കേട്ട് അടുത്ത വീടുകളിലെ കുട്ടികളെല്ലാം വന്നു റേഡിയോ തൊട്ടും തോണ്ടിയുമെല്ലാം റേഡിയോയുടെ മഹിമ പറഞ്ഞു കേട്ടപ്പോൾ സിനിമ കണ്ടതിനേക്കാൾ ഉമ്മയുടെ റേഡിയോ വാങ്ങാം എന്ന നിർദ്ദേശമായിരുന്നു ശരിയെന്നു തോന്നിയത്. അതോടെ എനിക്കും എന്റെ മനസ്സിനും വല്ലാത്തൊരു അനുഭൂതി ആയിരുന്നു. എല്ലാ സങ്കടങ്ങൾക്കും വിഷമങ്ങൾക്കും അതോടെ വീര്യം കുറഞ്ഞു.
കൊല്ലം പാറപ്പള്ളിക്കടുത്തായിരുന്നു എന്റെ തറവാട് വീട്. കുട്ടിക്കാലവും ബാല്യവും യൗവ്വനവുമെല്ലാം. അത്കൊണ്ട് തന്നെ പാറപ്പള്ളി കുന്നിന്റെ ഓരോ മുക്കും മൂലയും ഞങ്ങൾക്ക് സുപരിചിതമായിരുന്നു. നിറയെ കാടുകൾ നിറഞ്ഞു നിൽക്കുന്ന കുന്നിൻ മുകളിൽ കയറി കുന്നിന്റെ മറുഭാഗത്തുള്ള മുനമ്പത്തെ പള്ളിക്കടുത്ത് ഉള്ള സർവേരി കല്ലിൽ കയറി ചുറ്റുപാടും നോക്കിയാൽ കൊയിലാണ്ടി ഗേൾസ് സ്കൂൾ മുതൽ ചുറ്റുമുള്ള എല്ലാ ദൃശ്യങ്ങളും കാണാമായിരുന്നു.
അതുപോലെ തന്നെ കൊല്ലം പിഷാരികാവ് ക്ഷേത്ര പറമ്പിൽ നിറയെ ഞേറൽ പഴമുണ്ടാകുമായിരുന്നു ഒഴിവ് ദിവസങ്ങളിൽ അവിടെ പോയി ഞേറൽ പറിച്ചു വീട്ടിൽ കൊണ്ടുവന്നു അയൽവാസികൾക്കെല്ലാം വിതരണം ചെയ്യുക ഞങ്ങളുടെ ഒരു ഹോബി ആയിരുന്നു.
കൊല്ലത്തങ്ങാടിയിൽ വൈകുന്നേരമായാൽ മാർക്കറ്റ് മുക്കിൽ വില്പനക്കായി പച്ചപ്പുല്ല് കൊണ്ടു വരുന്ന കുറച്ചു സ്ത്രീകളുണ്ടായിരുന്നു അടുക്കി വെച്ച വലിയൊരു കെട്ട് പുല്ല് കൊണ്ടുവന്നു ചെറിയ ചെറിയ കറ്റകളാക്കി ഒരു കറ്റക്ക് പത്തു പൈസയായി വിൽക്കുന്ന കാഴ്ചയും പ്ലാവില ഇതേ പോലെ വലിയ കെട്ടുകളാക്കി തലയിൽ ചുമന്നു വന്നു ചെറിയ കെട്ടുകളാക്കി വിൽക്കുന്ന ഇവരുടെ കച്ചവടം രസകരമായ കാഴ്ച തന്നെ ആയിരുന്നു. ഇങ്ങിനെയുള്ള കച്ചവടങ്ങളൊന്നും ഇന്ന് ഇവിടങ്ങളിൽ കാണാനേ ഇല്ല.
രാവിലെ വടകര നിന്നും കോഴിക്കോട് വലിയങ്ങാടിയിലേക്ക് ഒരു മൂരി വണ്ടി സ്ഥിരമായി പോവാറുണ്ടായിരുന്നു വൈകുന്നേരം വണ്ടി നിറയെ പലചരക്കു സാധനങ്ങളുമായി ആണ്ടിയേട്ടന്റെ മൂരി വണ്ടി ഓരോ ചെറു അങ്ങാടികളിലും ഇറക്കി മൂരികളെയും തെളിച്ചു കൊണ്ടുപോവുന്ന രംഗം ഇന്നും പഴയ തലമുറകൾ മറന്നു കാണില്ല.
കൊല്ലത്തങ്ങാടിയിലെ അറിയപ്പെട്ട ചുമട്ടുകാരനായിരുന്നു എന്റെ ഉപ്പ. ഇബ്രാഹിം കുട്ടി എന്നായിരുന്നു പേരെങ്കിലും ഉപ്പയെ എല്ലാവരും വിളിച്ചിരുന്നത് ബെരായിൻക്ക എന്നായിരുന്നു. എത്ര വലിയ പ്രതിസന്ധി ഘട്ടങ്ങളിലും തൊഴിലിനോട് ആത്മാർഥത കാണിച്ചു ജീവിച്ച ആളായിരുന്നതിനാൽ കൊല്ലത്തെ പഴയ കച്ചവടക്കാർക്കെല്ലാം പ്രിയങ്കരനായിരുന്നു.
വലിയ കർക്കശക്കാരനായിരുന്ന ഉപ്പയുടെ ജീവിതം ഒരു ഗ്രാഫ് പോലെ ആയിരുന്നു ഉപ്പാന്റെ ജീവിതം. നാലാണും അഞ്ചു പെണ്ണും അടങ്ങുന്ന ഒൻപതു മക്കളുള്ള വലിയ കുടുംബം പോറ്റാൻ നോമ്പു കാലത്തു പോലും ഒരു നോമ്പു പോലും വിടാതെ ലോറികളിൽ കയറി കയറ്റിറക്ക് ജോലി ചെയ്ത് വിയർത്തു ക്ഷീണിതനായാലും നോമ്പിനെയും ജീവിത രീതിയെയും പണയം വെക്കാത്ത കർക്കശക്കാരൻ ആയിരുന്നു ഉപ്പ.
വീട്ടിലേക്ക് പലചരക്കു സാധനങ്ങൾ തൂക്കി വാങ്ങുന്ന ഉപ്പ അളന്നു ചിലവാക്കാൻ ഉമ്മയോട് നിർദ്ദേശിക്കുക പതിവായിരുന്നു. അതിനാൽ തന്നെ ഓരോ ദിവസവും വയറു നിറയെ ഭക്ഷണം കഴിക്കുക എന്നത് വളരെ വിരളമായിരുന്നു.
കൊല്ലം മാപ്പിള എൽ.പി സ്കൂളിലായിരുന്നു എന്റെ സ്കൂൾ ജീവിതം തുടങ്ങിയത്. അവിടെ നിന്നും ഉച്ചക്ക് നാണി അമ്മ തരുന്ന റവ ആയിരുന്നു എന്റെ ഉച്ച ഭക്ഷണം. ഒരു പ്രാവശ്യം വാങ്ങി വയറു നിറയെ കഴിച്ച ശേഷം വീണ്ടും ഒരു പ്രാവശ്യം കൂടി വാങ്ങുമായിരുന്നു. അത് വൈകുന്നേരം വീട്ടിലേക്ക് കൊണ്ടുപോയി ഉമ്മാക്ക് കൊടുക്കുമ്പോൾ ആ മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.
‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
ചുമട്ടു ജോലി ചെയ്ത് ഒൻപതു മക്കളെയും പോറ്റി വലുതാക്കി എല്ലാവരെയും കല്യാണം കഴിപ്പിച്ച് പറഞ്ഞയച്ച ഉപ്പയുടെ ജീവിതം വലിയ കഷ്ടപ്പാട് നിറഞ്ഞതായിരുന്നെങ്കിലും സങ്കടങ്ങളോ വിഷമങ്ങളോ ഞങ്ങളുടെ കുടുംബത്തെയോ സുഹൃത്തുക്കളെയോ ഒന്നും അറിയിച്ചിരുന്നില്ല. അറ്റാക്ക് വന്ന് ഈ ലോകത്തോട് വിട പറയുന്നത് വരെ ജോലി ഉപ്പയുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു.
ഉപ്പാക്ക് മൂത്ത നാലു കുട്ടികൾ പെണ്ണായിരുന്നതിനാൽ ജോലിയിൽ സഹായിക്കാൻ ഉപ്പാക്ക് ഉപ്പ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഷ്ടപ്പാടിനിടയിൽ ഒരു ചെറ്റക്കുടിലിൽ താമസിച്ചിരുന്ന ഞങ്ങൾക്ക് ഓടിട്ട നല്ലൊരു വീട് ഞങ്ങൾക്ക് ഉപ്പ വെച്ചു തന്നു. അതായിരുന്നു കൊല്ലം പാറപ്പള്ളിക്കടുത്ത് ഞങ്ങളുടെ ‘കാട്ടിൽ തറവാട്’.
അങ്ങനെ പോകുന്നു, കൊയിലാണ്ടിയിലെ എഴുതിയാലൊടുങ്ങാത്ത ചിതറിയ ഓർമ്മകൾ…
അബ്ദുള്‍ റഷീദ് സി.കെ
കൊയിലാണ്ടിക്കടുത്ത് കൊല്ലത്ത് കാട്ടില്‍ വീട്ടില്‍ അബ്ദുള്‍ റഷീദ് സി.കെ. 1993 മുതല്‍ ബഹ്‌റൈനില്‍ പ്രവാസിയിരുന്നു. റോഡിയോ ആന്‍ഡ് ടിെലിവിഷന്‍ സ്‌റ്റേഷന്‍ മേഖലയിലായിരുന്നു ജോലി. 2004 ല്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി. ഇപ്പോള്‍ ബിസിനസ് ചെയ്യുന്നു. ഭാര്യ ഹഫ്‌സ വീട്ടമ്മയാണ്. മൂന്ന് മക്കള്‍. മൂത്ത മകന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍. രണ്ടാമത്തെത് മകള്‍. ഇളയ മകന്‍ പ്ലസ് ടു കഴിഞ്ഞു. പരേതരായ ഇബ്രാഹിം കുട്ടിയുടെയും കുഞ്ഞാമിനയുടെയും മകനാണ് അബ്ദുള്‍ റഷീദ്. നാല് സഹോദരന്മാരും അഞ്ച് സഹോദരിമാരുമുണ്ട്.
Abhinandanangal Abdul Rasheed
തൊണ്ണൂറുകൾക്കു മുൻപുള്ള കൊയിലാണ്ടിയെ ചോക്കും കരിക്കട്ടയും വെച്ച് വരച്ചു വെച്ചിരിക്കുന്നു. നല്ല ഡീറ്റേയിലിംഗ്…! ഭാവുകങ്ങൾ.
ഒരുപാട് നന്നായി. മരിക്കാത്ത ഓര്‍മകളുമായി താളുകള്‍ക്ക് ജീവൻ നല്കിയ സഹോദരന് അഭിനന്ദനങ്ങള്‍.