ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേയ്ക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ അംഗം; കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍


കോഴിക്കോട്: ജില്ലയില്‍ ലഹരിവില്‍പ്പന നടത്തുന്ന യുവാവ് മാരകമയക്കുമരുന്നുമായി പിടിയില്‍. പയ്യാനക്കല്‍ വള്ളിയില്‍ പറമ്പ്
നന്ദകുമാര്‍(24) ആണ് പിടിയിലായത്. ഇയാള്‍ ബാംഗ്ലൂരില്‍ നിന്നും റോഡ് മാര്‍ഗ്ഗവും ട്രയിന്‍ മാര്‍ഗ്ഗവും മയക്കുമരുന്ന് ജില്ലയില്‍ എത്തിച്ച് ചില്ലറവില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്ന് പോലീസ് പറയുന്നു.

ഇന്ന് രാവിലെ ഫറോക്ക് കോളേജ് അടിവാരത്തുവെച്ച് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എംയുമായാണ് പോലീസ് ഇയാളെ പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ എ.സി.പി. കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌കാഡും ഫറോക്ക് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

നേരത്തെ കോഴിക്കോട് ജില്ലയില്‍ അടിപിടികേസുകളിലും യുവാവ് പ്രതിയായിട്ടുള്ളതാണ്. കോഴിക്കോട് നഗരത്തില്‍ പോലീസിന്റെ പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് മയക്കുമരുന്നു വില്‍പ്പനക്കാര്‍ ജില്ലാ അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് അതിര്‍ത്തികളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്ന മയക്കുമരുന്നിന്റെ ഉറവിടവും വിതരണക്കാരെയും കണ്ടെത്തുന്നതിനായി അന്വേഷണം നടത്തുന്നതാണെന്നും നാര്‍ക്കോട്ടിക്ക് സെല്‍ എ.സി.പി. അറിയിച്ചു.